News

54 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: കരിപ്പൂരില്‍ യുവാവ് അറ്‌സ്റ്റില്‍

19 September 2022 , 8:17 PM

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന സ്വര്‍ണം പോലീസ് പിടികൂടി. ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വാരിയംകോട് സ്വദേശി നൗഫല്‍.പി (36) ആണ് പിടിയിലായത്. മലദ്വാരത്തില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ 1.065 കിലോ ഗ്രാം സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇന്ന് രാവിലെ 10.15 ന് ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ആണ് നൗഫല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ നൗഫലിന് പക്ഷേ പോലീസിനെ വെട്ടിക്കാനായില്ല. മുന്‍കൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ നൗഫല്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല. ഇതേത്തുടര്‍ന്ന് നൗഫലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുക ആയിരുന്നു.

 എക്സ്റേ പരിശോധനയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു. നൗഫലിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 59-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 25 കോടിയോളം രൂപയുടെ സ്വര്‍ണം പോലീസും പിടിച്ചെടുത്തു.