News

ചോദിച്ച ഭക്ഷണം ഡെലിവറി ചെയ്തില്ല: സൊമാറ്റോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

17 November 2022 , 9:10 AM

 

 

 

കൊല്ലം: ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോയ്ക്ക് പിഴ ചുമത്തി കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. 362 രൂപയുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത നിയമവിദ്യാര്‍ത്ഥിക്ക് അത് നല്‍കാതിരുന്നതിനാലാണ് സൊമാറ്റോയ്ക്കും റസ്റ്റോറന്റിനും പിഴ ചുമത്തിയത്. 8362 രൂപയാണ് പിഴ ചുമത്തിയത്. ഉപഭോക്താവിന്റെ മാനസിക സംഘര്‍ഷത്തിന് നഷ്ടപരിഹാരമായി 5,000 രൂപയും നടപടി ചെലവായി 3000 രൂപയുമാണ് നല്‍കേണ്ടത്. ഉത്തരവിന്റെ തീയതി മുതല്‍ 45 ദിവസത്തിനകം സൊമാറ്റോയും റസ്റ്റോറന്റ് ഉടമയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇല്ലെങ്കില്‍ പരാതിക്കാരന് 12% പലിശ നിരക്കില്‍ തുക ഈടാക്കാന്‍ അര്‍ഹതയുണ്ടാകുമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.പലിശയും മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരവും കൂടാതെ 362 രൂപ റീഫണ്ട് ലഭിക്കാനും ഉപഭോക്താവിന് അര്‍ഹതയുണ്ട്. ഭക്ഷണം ഡെലിവറി ചെയ്യാതിരിക്കുകയും പണം തിരിച്ചു നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് ഡല്‍ഹി സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥിയായ അരുണ്‍ ജി കൃഷ്ണന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

2019ല്‍, വിദ്യാര്‍ത്ഥി ഒരു റെസ്റ്റോറന്റില്‍ നിന്ന് സൊമാറ്റോ വഴി രണ്ട് ഓര്‍ഡറുകള്‍ നല്‍കി. എന്നാല്‍ അതേ ദിവസവും പിന്നീടും സൊമാറ്റോയുടെ പ്രതിനിധിയോടും റെസ്റ്റോറന്റ് അധികൃതരോടും ഒന്നിലധികം തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുകയോ ഓര്‍ഡറിനുവേണ്ടി അടച്ച തുക തിരികെ നല്‍കുകയോ ചെയ്തില്ല. മേല്‍വിലാസത്തിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി അവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് സൊമാറ്റോ തന്നോട് കാരണമായി പറഞ്ഞതെന്ന് പരാതിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി.