News

അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളിയിൽ സംസ്കരിക്കുമ്പോൾ ഇനി ശവപ്പെട്ടിയില്ല....

05 September 2022 , 8:36 AM

 

  

എറണാകുളം:  ശവപ്പെട്ടി  ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്‌കരിക്കുന്ന രീതി നടപ്പിലാക്കി ലത്തീന്‍ സഭയുടെ കീഴിലുള്ള പള്ളി. കൊച്ചി രൂപതയിലെ അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളിയാണ് ഈ രീതിക്ക് തുടക്കം കുറിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ സംസ്‌കാരം നടക്കുന്നത്. പ്ലാസ്റ്റിക്ക് ആവരണവും അഴുകാത്ത വസ്തുക്കളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹം വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണോടു ചേരുന്നില്ല. ഇത് മനസിലാക്കിയാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഴയ യഹൂദ രീതിയില്‍ കച്ചയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ചുള്ളിക്കല്‍ ഫിലോമിന പീറ്ററുടെ സംസ്‌കാരമായിരുന്നു ഇത്തരത്തില്‍ ആദ്യമായി നടത്തിയത്. തീരദേശ മണ്ണിലെ ഉപ്പിന്റെ അംശം മൃതദേഹം ജീര്‍ണിക്കുന്നത് വൈകിക്കും. ഈ സാഹചര്യത്തില്‍ വികാരി ഫാദര്‍ ജോണ്‍സണ്‍ തൗണ്ടയിലാണ് പുതിയ ആശയത്തിന് രൂപം നല്‍കിയത്. വിവിധ തലങ്ങളില്‍ ഒരു വര്‍ഷത്തോളമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ രീതി നടപ്പിലാക്കിയത്. പാസ്റ്ററല്‍ കൗണ്‍സിലിന്റെ അംഗീകാരവും പുതിയ രീതിക്ക് ലഭിച്ചിട്ടുണ്ട്. പ്രകൃതിയോടിണങ്ങുന്നത് എന്നതിലുപരിയായി ഈ മാറ്റത്തിലൂടെ ചെലവ് കുറയ്ക്കാനും കഴിയും. മരണാനന്തര ശുശ്രൂഷകള്‍ക്കായി പള്ളിയില്‍ സ്റ്റീല്‍ പെട്ടികള്‍ തയാറാക്കിയിട്ടുണ്ട്. ഇത് മരണം നടക്കുന്ന വീടുകള്‍ക്ക് നല്‍കും. സെമിത്തേരിയില്‍ കുഴിവെട്ടി അതില്‍ തുണി വിരിച്ച്‌ പൂക്കള്‍ വിതറിയാണ് തുണിയില്‍ പൊതിഞ്ഞ മൃതദേഹം അടക്കം ചെയ്യുക.