News

കലാകിരീടം കോഴിക്കോടിന്; കണ്ണൂർ രണ്ടാമത്

07 January 2023 , 2:31 PM

 

 

 

കോഴിക്കോട്:  അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം. 938 പോയിന്റ് നേടിയാണ് സ്വന്തം തട്ടകത്തില്‍ കോഴിക്കോട് കലാകിരീടം തിരിച്ചുപിടിച്ചത്. ഇത് 20-ാം തവണയാണ് കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളാകുന്നത്. 918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാടാണ് തൊട്ടുപിന്നില്‍. തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങള്‍ നേടി.

 

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോടും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കണ്ണൂരുമാണ് ഒന്നാമതെത്തിയത്. ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ കോഴിക്കോടും കണ്ണൂരും പാലക്കാടുമാണ് ഒന്നാമത്. അതേസമയം ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം കലോത്സവത്തില്‍ കൊല്ലവും എറണാകുളവും ഒന്നാമതെത്തി.

 

സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇഎം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനത്തുമെത്തി. കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച്എസ്എസാണ് മൂന്നാമത്.