News

സേച്ചി....... സ്വര്‍ണമാല പള..പള മിന്നും..... പുതിയ തട്ടിപ്പുരീതിയുമായി ബിഹാര്‍ സ്വദേശി: കൈയോടെപിടികൂടി യുവതി

palakkad Reporter

18 August 2022 , 1:01 PM

 

പാലക്കാട്: പുതിയ തട്ടിപ്പുമായി എത്തിയ ബീഹാര്‍ സ്വദേശിയെ യുവതി കൈയോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. പോലീസ് അന്വേഷണത്തില്‍ തട്ടിപ്പ്് പുറത്തുവന്നതോടടെ ബീഹാര്‍ സ്വദേശി അറസ്റ്റിലായി. സ്വര്‍ണമാല വൃത്തിയാക്കി നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പുനടത്തിയ ബിഹാര്‍ സ്വദേശിയെ പാലക്കാട്ടെ യുവതി കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ബിഹാര്‍ റാണിഗഞ്ച് സ്വദേശി തോമാകുമാറി ( 26 ) നെ പോലീസ് അറസ്റ്റ് ചെയ്തത്്. ചൊവ്വാഴ്ച വൈകീട്ട് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ പരിസരത്താണ് സംഭവം. കാടാങ്കോട് മണ്ണാര്‍ക്കാട്ടുപറമ്പ് സ്വദേശിനിയുടെ ഒന്നേകാല്‍ പവന്റെ ലോക്കറ്റടക്കമുള്ള സ്വര്‍ണമാലയാണ് തോമാകുമാര്‍ ഊരിവാങ്ങിയത്. സ്വര്‍ണം വൃത്തിയാക്കും മുമ്പ് വെള്ളിപ്പാദസരവും വിളക്കുകളും വൃത്തിയാക്കിക്കാണിച്ച് യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയിരുന്നു. ഇതോടെയാണ് യുവതി സ്വര്‍ണമാല വൃത്തിയാക്കാനായി ഇയാള്‍ക്ക് നല്‍കിയത്. എന്നാല്‍ വൃത്തിയാക്കാനായി വാങ്ങിയ സ്വര്‍ണമാല തിരിച്ചുനല്‍കിയില്ല. ഇതോടെ യുവതി ഇയാളെ വിടാന്‍ തയ്യാറായില്ല. ആളുകളെ വിളിച്ച് കൂട്ടിയ യുവതി തോമകുമാറിനെ പിടിച്ചുവെക്കുകയും പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സ്വര്‍ണപ്പണിക്കാരനെ വിളിച്ച് സ്റ്റേഷന് പരിസരത്ത് വെച്ച് ദ്രാവകം മണ്‍ചട്ടിയില്‍ ഒഴിച്ച് കത്തിച്ച് രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉരുക്കി. രാസപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 7.170 ഗ്രാം തൂക്കമുള്ള സ്വര്‍ണം ലഭിച്ചതായും പോലീസ് പറഞ്ഞു. ഇതിന് ശേഷം യുവതിയുടെ പരാതിയില്‍ തോമകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് ടൗണ്‍ സൗത്ത് എസ്്.എച്ച് ഒ ഷിജു ടി എബ്രഹാം, എസ് ഐ വി. ഹേമലത, അഡീഷണല്‍ എസ് ഐ വി. ഉദയകുമാര്‍, എസ് സി പി ഒ മാരായ എം സുനില്‍, സുനില്‍ ദാസ്, ആര്‍ ഷൈനി, സി പി ഒ മാരായ എസ് സജീന്ദ്രന്‍, സി രാജീവ് തുടങ്ങിയവര്‍ പരിശോധന നടത്തി.