News

മുന്‍പ് മാലപറിക്കേസിലെ പ്രതി: ഇപ്പോള്‍ വാഹനക്കേസും സ്വര്‍ണക്കേസും: കുട്ടനാട് സ്വദേശി ആരോമല്‍ ക്രിമിനല്‍ പട്ടികയില്‍ മുന്നേറുമ്പോള്‍

04 November 2022 , 7:33 PM

 

കുട്ടനാട്: മാമ്പുഴക്കരി സ്വദേശി ആരോമല്‍ ബിരുദധാരിയാണ്, കാണാന്‍ സുന്ദരനും. എന്നാല്‍ 28 വയസിനുള്ളില്‍ ഈ ചെറുപ്പക്കാരന്‍ കാട്ടികൂട്ടിയത് ജയില്‍വാസം അനുഭവിക്കാനുള്ള കുറ്റകൃത്യങ്ങള്‍. എറ്റവും അവസാനം ഒരാഴ്ച മുന്‍പ് ആരോമലിനെ തേടിയെത്തിയത് രണ്ട് കേസുകളാണ്. വാഹനം ഓടിക്കാന്‍വാങ്ങിയ ശേഷം ആറ് കാറുകള്‍ പണയപ്പെടുത്തിയതാണ് കേസുകളില്‍ അവസാനത്തേത്. കൂടാതെ വനിതാ സുഹൃത്തിനെ കബളിപ്പിച്ച് 53പവന്‍ സ്വര്‍ണം തട്ടിയെടുത്തത് അടുത്ത കേസ്. രണ്ട് വര്‍ഷം മുന്‍പ് എടത്വാ സ്വദേശിനി റോഡില്‍ക്കൂടി നടന്നു പോകുമ്പോള്‍ മാല പൊട്ടിച്ചെടുത്തെന്ന കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞതാണ് ആരോമലിന്‍െ്‌റ ആദ്യ ജയില്‍വാസം. റോഡില്‍ വീണ യുവതിയുടെ വലതു കൈ ഒടിഞ്ഞതും ആരോമലിന്‍െ്‌റ അറസ്റ്റുമെല്ലാം അന്ന് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയതിനു ശേഷം പണമുണ്ടാക്കാനായി പുതിയ പുതിയ തന്ത്രങ്ങളുമായി ആരോമല്‍ രംഗത്തെത്തി.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാഹനത്തട്ടിപ്പു കേസില്‍ പ്രതി പണയപ്പെടുത്തിയ വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തത്. പ്രതിയുടെ രാഷ്ട്രീയത്തിലും ഉന്നതരുമായുള്ള പിടിപാടിലും വീഴാതെയുള്ള രാമങ്കരി പോലീസിന്‍െ്‌റ കാര്‍ക്കശ്യം നിറഞ്ഞ നടപടിയാണ് ആരോമലിന്‍െ്‌റ തട്ടിപ്പിന് വിലങ്ങുതടിയായത്. കേസിലെ പ്രതിയായ രാമങ്കരി പഞ്ചായത്ത് മാബുഴക്കരി ളാങ്കര രാജേഷിന്‍െ്‌റ മകന്‍ ആരോമല്‍ (28) വിവിധയാളുകളില്‍നിന്നായി തട്ടിയെടുത്ത ആറു കാറുകളാണ് രാമങ്കരി പോലീസ് കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിച്ചത്. നാലു കാറുകള്‍ പെരുമ്പാവൂരില്‍നിന്നും പൊന്‍കുന്നത്തും കൊല്ലത്തുനിന്നും ഓരോ കാറുകളുമാണ് കണ്ടെടുത്തത്. ചങ്ങനാശേരി സ്വദേശിയുടെ ഇന്നോവാ, ആലപ്പുഴ സ്വദേശിയുടെ ആള്‍ട്ടോ, ചങ്ങനാശേരി സ്വദേശിയുടെ ക്വിഡ്, ആലപ്പുഴ സ്വദേശിയുടെ വാഗണര്‍, പത്തനംതിട്ട സ്വദേശിയുടെ സ്വിഫ്റ്റ്, ഇടുക്കി സ്വദേശിയുടെ ബെലേനോ എന്നീ കാറുകളാണ് പോലീസ് പിടിച്ചെടുത്ത്. ഇടുക്കി സ്വദേശിനിയുടെ പരാതിയിന്‍മേലാണ് രാമങ്കരി പോലീസ് കേസെടുത്തത്. വാഹനങ്ങള്‍ അതത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റേഷനുകളിലേക്കു കൊണ്ടുപോകും. കഴിഞ്ഞ 27 നാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡില്‍ വാങ്ങി.