News

അരിക്കൊമ്പനെ മയക്കുവെടിവെച്ചു: ദൗത്യം വിജയത്തിലേക്ക്

29 April 2023 , 1:35 PM

 

ഇടുക്കി: ശാന്തൻപാറ– ചിന്നക്കനാൽ പഞ്ചായത്തുകളിലെ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വിജയത്തിലേക്ക്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ചു. അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയ അരിക്കൊമ്പനെ ദൗത്യ സംഘം മയ്ക്കുവെടിവെക്കുകയായിരുന്നു.

മിഷന്‍ അരിക്കൊമ്പന്‍'; ദൗത്യസംഘത്തെ അഭിനന്ദിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍

അരിക്കൊമ്പന്‍ ദൗത്യ സംഘത്തെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്‍. അരിക്കൊമ്പനെ മയക്കുവെടി വെച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ മാറ്റാനുള്ള നടപടികള്‍ ഉടന്‍ തന്നെ വനം വകുപ്പ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
11.55ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ അരുണ്‍ സഖറിയ വെടിവെച്ചത്. വെടിയേറ്റ ആനയെ വനംവകുപ്പ് സംഘം നിരീക്ഷിക്കുകയാണ്. അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നിര്‍ണായകമാണ്. ആന മയങ്ങിയില്ലെങ്കില്‍ വീണ്ടും മയക്കുവെടി വെക്കേണ്ടി വന്നേക്കും. അരിക്കൊമ്പനെ പ്രദേശത്ത് നിന്നും മാറ്റുന്നതിനുള്ള കുങ്കിയാനകളും വാഹനവും അടക്കം സജ്ജമാണ്. എങ്ങോട്ടാണ് കൊണ്ടുപോകുക എന്ന വിവരം പുറത്തുവിട്ടിട്ടില്ല