Sports

ക്രൊയേഷ്യയെ തകർത്ത് അർജന്റീന ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ

14 December 2022 , 2:23 AM

 

ലുസൈൽ സ്റ്റേഡിയം(ദോഹ): ഖത്തർ ലോകകപ്പിലെ ആദ്യ  സെമി ഫൈനലിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് അർജൻ്റീന ഫൈനലിൽ. 34-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിയാണ് പെനാൽറ്റി ഗോളിലൂടെ ടീമിനെ മുന്നിൽ എത്തിച്ചത്. ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ കീപ്പർ ലിവാകോവിച്ച് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ഉജ്വലമായ  ഗോളാക്കുകയായിരുന്നു.

39-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിൻ്റെ തകർപ്പൻ ഗോളിലൂടെ അർജന്റീന ലീഡ് വർധിപ്പിച്ചു.  69-ാം മിനിട്ടിൽ മെസിയുടെ മികച്ച ഒരു നീക്കത്തിൽ നിന്ന് മൂന്നാം ഗോൾ പിറന്നു. അൽവാരസ് തന്നെയാണ് ക്രൊയേഷ്യൻ വല കുലുക്കിയത്.

രണ്ട് മാറ്റങ്ങളോടെയാണ് അർജന്റീന സെമിയിൽ ഇറങ്ങിയത്. ലിസാർഡ്രോ മാർട്ടിനെസിനെയും മാർക്കസ് അക്യൂനക്കിനെയും നിർണായക മത്സരത്തിലെ പ്ളേയിംഗ് ഇലവനിൽ നിന്ന് പിൻവലിച്ചു. ഇവർക്ക് പകരക്കാരായി ലിയാൻഡ്രോ പരേഡെസും ടാഗ്ളിഫിക്കോയും ടീമിൽ ഇടം പിടിച്ചു. ഏയ്ഞ്ചൽ ഡി മരിയയും സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിച്ചില്ല. അർജൻ്റീന ആറാം തവണയാണ് ലോകകപ്പ് ഫൈനലിൽ എത്തുന്നത്. 2014 ന് ശേഷം ഇതാദ്യമാണ്. ഇന്നത്തെ ഗോൾ നേട്ടത്തോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയുടെ റെക്കോഡാണ് ഭേദിച്ചത്. ഒപ്പം അൽവാരെസിന്റെ രണ്ടാം ഗോളിന് അസ്സിസ്റ്റ്‌ നൽകിയത്തോടെ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റുകൾക്കുള്ള റെക്കോർഡും മെസ്സിയുടെ പേരിലായി. ഡീഗോ മറഡോണയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ്.  നാളെ നടക്കുന്ന ഫ്രാൻസ് - മൊറോക്കോ സെമി ഫൈനൽ മത്സരത്തിലെ വിജയികളെ കലാശപോരാട്ടത്തിൽ അർജൻ്റീന നേരിടും.