education

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം ഇന്ന് തീരും: ട്രയല്‍ അലോട്ട്‌മെന്റ് 13ന്

09 June 2023 , 4:09 PM

 



തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇന്ന് അവസാനിക്കും. ജൂണ്‍ രണ്ട് മുതലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ആരംഭിച്ചത്.
       ഇന്നലെ രാത്രി വരെയുള്ള ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, 4,49,920 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്. 78,140 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി മലപ്പുറം ജില്ലയില്‍ നിന്നും അപേക്ഷ നല്‍കിയത്. ഏറ്റവും കുറവ് അപേക്ഷ ലഭിച്ചിട്ടുള്ളത് വയനാട് ജില്ലയില്‍ നിന്നാണ്. 11,573 പേര്‍ മാത്രമാണ് വയനാട് ജില്ലയില്‍ നിന്നും അപേക്ഷ നല്‍കിയത്. തിരുവനന്തപുരം- 33,852, കൊല്ലം- 32500, പത്തനംതിട്ട- 13,832, ആലപ്പുഴ- 25,187, കോട്ടയം- 22,585, ഇടുക്കി- 12,399, എറണാകുളം- 36,887, തൃശ്ശൂര്‍- 38,133, പാലക്കാട്- 43,258, കോഴിക്കോട്- 46,140, കണ്ണൂര്‍- 36,352, കാസര്‍ഗോഡ്- 19,109 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകരുടെ എണ്ണം.
      അവസാന തീയതി ഇന്നായതിനാല്‍, അപേക്ഷകരുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍. ട്രയല്‍ അലോട്ട്‌മെന്റ് 13നും ആദ്യ അലോട്ട്‌മെന്റ് 19നും പ്രഖ്യാപിക്കും. ജൂലൈ അഞ്ചിനാണ് ക്ലാസുകള്‍ ആരംഭിക്കുക.