News

ലഹരി വിരുദ്ധക്യാമ്പയിന്‍; സംസ്ഥാനത്ത് ഒരു മാസത്തിനിടെ അറസ്റ്റിലായത് 3071 പേര്‍, പിടിച്ചെടുത്തത് 158.46 കിലോ കഞ്ചാവ്

03 November 2022 , 4:07 PM

 

തിരുവനന്തപുരം: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഒരു മാസത്തിനിടെ 3071 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ ആറു മുതല്‍ ഒന്നുവരെ നടത്തിയ ലഹരിവിരുദ്ധക്യാമ്പയിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2823 കേസുകളും. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായതും എറണാകുളം ജില്ലയിലാണ്. 405 കേസുകളിലായി 437 പേരെയാണ് എറണാകുളം ജില്ലയില്‍ നിന്ന് മാത്രം പിടികൂടിയത്. കോട്ടയത്ത് 376 കേസുകളില്‍ 390 പേരെയും ആലപ്പുഴയില്‍ 296 കേസുകളില്‍ 308 പേരെയും അറസ്റ്റ് ചെയ്തു. ഏറ്റവും കേസുകളില്‍ ഏറ്റവും കുറവ് പേര്‍ പിടിയിലായത് പത്തനംതിട്ടയിലാണ്. 15 പേരെയാണ് 45 കേസുകളിലായി പിടികൂടിയത്. ക്യാമ്പയിന്‍ കാലയളവില്‍ 158.46 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. 1.75 കിലോ എം.ഡി.എം.എയും 872 ഗ്രാം ഹാഷിഷ് ഓയിലും 16.91 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ എം.ഡി.എം.എ പിടിച്ചെടുത്തത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 920.42ഗ്രാമും മലപ്പുറത്ത് 536.22 ഗ്രാമും എം.ഡി.എം.എ പിടികൂടി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത്.കോട്ടയത്ത് 92.49 കിലോയും തൃശ്ശൂരില്‍ 21.83 കിലോയും മലപ്പുറത്ത് 18.98 കിലോയും പിടിച്ചെടുത്തു.