education

മെഡിസിന്‍ പഠനം ഹിന്ദിയിലാക്കാന്‍ പ്രഖ്യാപനം

20 October 2022 , 8:59 PM

 

 

ഉത്തര്‍പ്രദേശ്: മെഡിസിന്‍ പഠനം ഹിന്ദിയിലാക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രഖ്യാപനം നടത്തി. മധ്യപ്രദേശിലെ ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ പാഠപുസ്തകങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിന്ദിയില്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് യു പിയുടെയും നീക്കം.

ഭോപ്പാല്‍ ഗാന്ധി മെഡിക്കല്‍ കോളേജിലെ ആദ്യ വര്‍ഷത്തെ മൂന്ന് എംബിബിഎസ് പാഠപുസ്തകങ്ങളുടെ ഹിന്ദി പതിപ്പാണ് കഴിഞ്ഞ ഞായറാഴ്ച കേന്ദ്ര മന്ത്രി അമിത് ഷാ പുറത്തിറക്കിയത്. മധ്യപ്രദേശ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 13 മെഡിക്കല്‍ കോളേജുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് സംസ്ഥാനത്തിന്റെ പദ്ധതി.

ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടുത്ത വര്‍ഷം മുതല്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ ഹിന്ദി ഭാഷയില്‍ പഠിപ്പിക്കാന്‍ ഒരുങ്ങുന്നത്. യു പിയില്‍ മെഡിക്കല്‍, എന്‍ജിനീയറിങ്ങിന്റെ ചില പുസ്തകങ്ങള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങളുടെ എല്ലാ സിലബസും അടുത്ത വര്‍ഷം മുതല്‍ സര്‍വകലാശാലയില്‍ ലഭ്യമാകുമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റിലൂടെ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയിലും ഓഫീസ് മേഖലയിലും ഹിന്ദി നിര്‍ബന്ധമാക്കണമെന്ന അമിത്ഷാ അധ്യക്ഷനായ പാര്‍ലമെന്റ് സമിതിയുടെ തീരുമാനത്തിനെതിരെ പല സംസ്ഥാനങ്ങളും എതിര്‍പ്പുമായി മുന്നോട്ടു വന്നിരുന്നു.ഈ സാഹചര്യം നിലനില്‍ക്കെയാണ് ഉത്തര്‍പ്രദേശിലും ഭോപ്പാലിലും മെഡിസിന്‍ പാഠപുസ്തകങ്ങളുടെ ഹിന്ദിയിലേക്ക് ഉള്ള മാറ്റം.