News

ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ വെച്ച്‌ മറന്ന സംഭവത്തില്‍ അന്വേഷണം

09 October 2022 , 10:29 AM

 

 

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മൂന്നംഗ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചു.ഇവർ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട്‌ നല്‍കും. കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയാണ്, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്.പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി 30 കാരി വേദന തിന്നത് അഞ്ചു വര്‍ഷമാണ്. 2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല.  12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തിനിന്ന് മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടാവുന്ന സ്ഥിതിയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല.  പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിലെ കത്രിക കണ്ടെത്തുന്നത്.കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കത്രിക വയറിനുള്ളില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച്‌ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. ഇത്രകാലം അനുഭവിച്ച വേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.