News

കണ്ണൂരില്‍ പതിനൊന്ന് വയസുകാരനെ തെരുവുനായ കടിച്ചുകൊന്ന സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

12 June 2023 , 2:26 PM

 

കണ്ണൂര്‍: മുഴപ്പിലങ്ങാട് നായകളുടെ ആക്രമണത്തില്‍ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വീഴ്ചയുണ്ടായോയെന്ന്
പരിശോധിക്കുമെന്ന് ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍. എ ബി സി സെന്ററുകള്‍ക്ക് വീഴ്ചയുണ്ടായോയെന്നും പരിശോധിക്കും.
കണ്ണൂര്‍ മുഴുപ്പിലങ്ങാടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കെട്ടിനകം നിഹാലാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 11 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് തെരുവുനായയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് 300 മീറ്റര്‍ അകലെയായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നായ കടിച്ചുപറിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പില്‍നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വൈകിട്ട് മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. സമീപത്തെ വീടുകളിലും ബന്ധുവീടുകളിലും കുട്ടിയെ അന്വേഷിച്ചിരുന്നു.
രാത്രിയായതോടെ പ്രദേശവാസികള്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയായിരുന്നു. അതിനിടെയാണ് വീടിന് സമീപത്തെ പറമ്പില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നിഹാലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് ഇന്ന് വിട്ടുനല്‍കി.