News

എട്ടു വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ ഫോണ്‍ പൊട്ടിത്തെറിച്ചെന്ന് കണ്ടെത്തല്‍

25 April 2023 , 6:00 PM

 

തൃശൂര്‍: തിരുവില്വാമലയില്‍ എട്ടു വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ ഫോണ്‍ പൊട്ടിത്തെറിച്ചെന്ന് കണ്ടെത്തല്‍. തിരുവില്വാമലയിലെ വീട്ടില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടിരുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഫോണ്‍ അമിതമായി ചൂടായിരുന്നു. അപകട സമയത്ത് ഫോണ്‍ പുതപ്പിനടിയിലായിരുന്നത് അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും പൊലീസ് അറിയിച്ചു. ഫൊറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു.
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഫോണ്‍ പൊട്ടിത്തെറിച്ചതോടെ കുട്ടിയുടെ മുഖത്തും തലയ്ക്കും പരുക്കേറ്റിരുന്നു. ഇതേതുടര്‍ന്നാണ് മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ അച്ഛന്റെ അനുജന്‍ മൂന്ന് വര്‍ഷം മുന്‍പ് പാലക്കാട് നിന്ന് വാങ്ങി നല്‍കിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വര്‍ഷം അവിടെ ചെന്ന് തന്നെ ബാറ്ററി മാറ്റുകയും ചെയ്തിരുന്നു. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊട്ടിത്തെറിച്ച ഫോണില്‍ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു. സംഭവം നടക്കുമ്പോള്‍ മകളും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് കുട്ടിയുടെ അച്ഛന്‍ അശോക് കുമാര്‍ പറഞ്ഞത്. അപകട വിവരം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അപകട സമയത്ത് പുതപ്പിനടിയില്‍ കിടന്ന് കുട്ടി ഗെയിം കളിക്കുകയായിരുന്നുവെന്നാണ് മുത്തശി പൊലീസിനോട് പറഞ്ഞത്. ഈ സമയം താന്‍ ഗുളിക എടുക്കുവാനായി പുറത്തേക്ക് പോവുകയും പിന്നാലെ വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് തിരിച്ചെത്തിയതെന്നും ഇവര്‍ പറഞ്ഞു. ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടതെന്നും അവര്‍ പറഞ്ഞു.
പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്തു വീട്ടില്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പഴയന്നൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സൌമ്യയുടെയും മകളാണ് ആദിത്യശ്രീ. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.