News

ചങ്ങനാശേരിയിൽ അനധികൃതമായി താമസിച്ച അഫ്ഗാൻ പൗരൻ പിടിയിൽ

08 February 2023 , 7:12 AM

 

 

ചങ്ങനാശ്ശേരി : അനധികൃതമായി ഇന്ത്യയിൽ എത്തി താമസിച്ചുവന്നിരുന്ന വിദേശ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. 

അഫ്ഗാൻ പൗരനായ അഹമ്മദ് നസീർ ഒസ്മാനി (24) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

 

 മെഡിക്കൽ വിസയിൽ അഫ്ഗാനിൽ നിന്നും ഇന്ത്യയിൽ എത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതെ അനധികൃതമായി താമസിച്ചു വരികയായിരുന്നു. ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിലും, പിന്നീട് ചങ്ങനാശ്ശേരി ളായിക്കാട് ഭാഗത്തുള്ള ഹോട്ടലിലും താമസിച്ചു ജോലി ചെയ്തു വരവെയാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. 

 

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ,റിസോർട്ടുകൾ, ഹോംസ്റ്റേകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി വിദേശ പൗരൻ കഴിയുന്നതായി കണ്ടെത്തിയത്.

 

 ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ,ഷിനോജ്, എ.എസ്.ഐ സിജു കെ സൈമൺ, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ മുരളി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

 അനധികൃത കുടിയേറ്റത്തിനും വിസ നിയമലംഘനത്തിനും ഇയാൾക്കെതിരെയും കൂടാതെ  വേണ്ടത്ര രേഖകൾ ഇല്ലാതെ ഇയാളെ താമസിപ്പിച്ച ഹോട്ടൽ ഉടമയ്ക്കെതിരെയും  കേസ് രജിസ്റ്റർ ചെയ്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.