News

വളര്‍ത്തുനായ ലൈസന്‍സിനായി നിങ്ങള്‍ ചെയ്യേണ്ട് ഇത്രമാത്രം: പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സൗജന്യം

02 October 2022 , 1:34 PM

 

തിരുവനന്തപുരം: വളര്‍ത്തു നായ ലൈസന്‍സിനായി എന്ത് ചെയ്യണം എന്നുള്ള അറിവ് മിക്കവര്‍ക്കും ഇല്ല. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ലൈസന്‍സിന് വേണ്ടി ഓണ്‍ ലൈനായി അപേക്ഷിക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് വ്യക്തമാക്കി. citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഇനി മുതല്‍ 50 രൂപ ഈടാക്കും. ഒക്ടോബര്‍ 15 മുതലാണ് പുതുക്കിയ ഫീസ് ഈടാക്കുക. ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ പേവിഷ പ്രതിരോധ കുത്തിവയ്‌പ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ഉളളടക്കം ചേര്‍ക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

       നേരത്തെ ലൈസന്‍സിന് പത്ത് രൂപയാണ് ഈടാക്കിയിരുന്നത്. വളര്‍ത്തുനായകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള വാക്‌സിന്‍ സൗജന്യമാണ്. ടിക്കറ്റ് നിരക്കായി 15 രൂപയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് 15 രൂപയും ചേര്‍ത്ത് 30 രൂപ ഈടാക്കും. നഗരസഭകളില്‍ അവിടുത്തെ ബൈലോ പ്രകാരമായിരിക്കും ലൈസന്‍സ് നല്‍കുക.

       തെരുവ് നായക്കളുടെ കുത്തിവയ്പ്പിന് വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെ ദിവസ വേതനത്തിന് നിയോഗിക്കാവുന്നതാണ്. ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങള്‍ എബിസി കേന്ദ്രത്തിനുളള സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വന്ധ്യംകരണത്തിന് തെരുവു നായ്ക്കളെ കൊണ്ടുവരുന്ന വ്യക്തികള്‍ക്ക് എബിസി പ്രവര്‍ത്തനങ്ങള്‍ക്കുളള പ്രതിഫലം മാത്രമെ നല്‍കുകയുളളൂവെന്നും. 500 രൂപയായിരിക്കും എബിസി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.