News

സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ഇനി ഒറ്റ ക്ലിക്കില്‍; ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് തുടക്കമായി

01 November 2022 , 12:56 PM

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വെക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാലതാമസവും തെറ്റുകളും ഇല്ലാതെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഡിജിറ്റല്‍ റീ സര്‍വ്വേയിലൂടെ സാധിക്കും. ഏത് സേവനം വന്നാലും മനോഭാവം മാറുകയാണ് പ്രധാനം. ഒറ്റപ്പെട്ടതാണെങ്കിലും തെറ്റായ പ്രവണതകളും വ്യത്യസ്തമായ ഇടപെടലുകളും ഉണ്ടാകുന്നുണ്ട്. അത്തരം ആളുകളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് പിണറായി വ്യക്തമാക്കി. നാല് വര്‍ഷം കൊണ്ട് മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 'എന്റെ ഭൂമി' എന്ന പേരിലാണ് ഡിജിറ്റല്‍ സര്‍വേ തുടങ്ങിയത്. സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും സുതാര്യമാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
കേരളത്തിന്റെ മുഴുവന്‍ ഭൂമിയും ഡിജിറ്റല്‍ റീസര്‍വേയിലൂടെ അളന്ന് തിട്ടപ്പെടുത്തും. നവകരേള നിര്‍മിതിയില്‍ ഇതൊരു ഡിജിറ്റല്‍ വിപ്ലവം ആയിരിക്കുമെന്ന് റവന്യു വകുപ്പ് പറയുന്നു. നാല് വര്‍ഷം കൊണ്ട് കൈവശത്തിന്റെയും ഉടമസ്ഥതയുടേയും അടിസ്ഥാനത്തില്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കി ഒരു സമഗ്ര ഭൂരേഖ തയ്യാറാക്കും. 1550 വില്ലേജുകളിലും നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും. ഇത് കൂടാതെ പത്ത് ശതമാനം വരുന്ന തുറസായ പ്രദേശങ്ങളില്‍ ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക വിദ്യകളും ഉപയോഗിക്കും.സര്‍വേ വകുപ്പ് ഭൂമി സംബന്ധിച്ച അന്തിമമായ രേഖ റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുന്‍പ് ഇതിന്റെ കരട് ഭൂവുടമക്ക് കാണാനും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കാനും അവസരം ലഭിക്കും. ഡിജിറ്റല്‍ സര്‍വെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. പൊതുജനങ്ങളെ ഡിജിറ്റല്‍ റീസര്‍വേ നടപടികളെ കുറിച്ച് ബോധ്യപ്പെടുത്തിയശേഷം അവരെയും ഉള്‍പ്പെടുത്തിയാകും പദ്ധതി പൂര്‍ത്തിയാക്കുക.
സര്‍വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്ന പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 200 വില്ലേജുകളിലാണ് തുടക്കം കുറിക്കുന്നത്.ആദ്യത്തെ മൂന്ന് വര്‍ഷം 400 വില്ലേജുകള്‍ വീതവും അവസാന വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്ത് ആകെ 1550 വില്ലേജുകള്‍ ഡിജിറ്റല്‍ സര്‍വെ ചെയ്ത് നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനായി സര്‍വെ ഭൂരേഖാ വകുപ്പിലെ നിലവിലുള്ള ജീവനക്കാര്‍ക്ക് പുറമെ 1500 സര്‍വെയര്‍മാരെയും 3200 ഹെല്‍പര്‍മാരെയും ഉള്‍പ്പെടെ ആകെ4700 പേരെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കുമെന്നും പിണറായി പറഞ്ഞു.