News

ആലപ്പുഴയില്‍ ബൈക്കിലെത്തി വൃദ്ധകളുടെ മാലപിടിച്ചുപറിക്കുന്നയാള്‍ അറസ്റ്റില്‍: ഒരു മാസത്തിനിടെ ആക്രമിച്ചത് മൂന്ന് വൃദ്ധകളെ, പ്രതി കൊല്ലം സ്വദേശി, സമാനമായ രണ്ട് കേസില്‍ നിന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ട് മൂന്ന് മാസം

22 September 2023 , 3:53 PM

 

ആലപ്പുഴ: വൃദ്ധയായ സ്ത്രീകളെ സ്‌കൂട്ടറില്‍ എത്തി  മാല പിടിച്ചു പറിച്ചുകൊണ്ടുപോയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍  പൈതൃകം വീട്ടില്‍  ബിജു(48) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്. നൂറനാട് പരിധിയില്‍ മൂന്നു സംഭവങ്ങള്‍ ആണ് ഉണ്ടായിട്ടുള്ളത്.

ഒന്നാമത്തെ സംഭവം- 25.06.2023 തീയതി രാത്രി 07.00 മണിയോടുകൂടി പടനിലം പരബ്രഹ്മ ക്ഷേത്രത്തില്‍ പോയിട്ട് വീട്ടിലേക്ക് പോയ നൂറനാട് വില്ലേജില്‍ നടുവിലെ മുറിയില്‍ സൂര്യാലയം വീട്ടില്‍ കൃഷ്ണന്‍കുട്ടി പിള്ള ഭാര്യ 72 വയസ്സുള്ള ചന്ദ്രിക ദേവിയുടെ 20 ഗ്രാം വരുന്ന സ്വര്‍ണമാല ആണ് പ്രതി സ്‌കൂട്ടറില്‍ എത്തി വലിച്ചു പൊട്ടിച്ചു കൊണ്ടുപോയത്. ഇതിനെ തുടര്‍ന്ന് ചന്ദ്രിക ദേവിക്ക് ശാരീരിക അസ്വസ്ഥത വരുകയും ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു.

രണ്ടാമത്തെ സംഭവം-  26.08.23 തീയതി വൈകിട്ട് 07.00 മണിയോടുകൂടി വീടിനടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ നൂറനാട് വില്ലേജില്‍ പുലിമേല്‍ മുറിയില്‍ ലളിതാ ഭവനം വീട്ടില്‍ ഗോപാലന്‍ ആചാരിയുടെ ഭാര്യ 68 വയസ്സുള്ള ലളിത എന്ന സ്ത്രീയുടെ 15 ഗ്രാം വരുന്ന സ്വര്‍ണ്ണ മാല ആണ് പ്രതി സ്‌കൂട്ടറില്‍ എത്തി പൊട്ടിച്ചു കൊണ്ടുപോയത്.

മൂന്നാമത്തെ സംഭവം- 21.09.2023 തീയതി വൈകുന്നേരം മൂന്ന് മണിയോടുകൂടി വീടിനു സമീപത്തെ റോഡില്‍ നില്‍ക്കുകയായിരുന്ന പാലമേല്‍ വില്ലേജില്‍ പള്ളിക്കല്‍ മുറിയില്‍ ചാത്തോത്ത് വീട്ടില്‍ 90 വയസുള്ള സരോജിനി എന്ന സ്ത്രീയുടെ 6 ഗ്രാം വരുന്ന സ്വര്‍ണ്ണമാല ആണ് പ്രതി പൊട്ടിച്ചു കൊണ്ടുപോയത്.

ആദ്യ രണ്ട് സംഭവങ്ങളെയും തുടര്‍ന്ന് നൂറനാട് പോലീസ് പ്രതിയെ കണ്ടെത്തുന്നതിനുള്ള ഊര്‍ജിത അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്നലെ പ്രതി പിടിയിലായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കൃത്യത്തിന് ഉപയോഗിച്ച വാഹനവും പ്രതിയെ പറ്റിയുള്ള സൂചനകളും ലഭിച്ചിരുന്നു.

കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍  പൈതൃകം വീട്ടില്‍  ബിജു(48)



മുന്‍പും സമാന കേസുകള്‍

പ്രതിയുടെ മുന്‍ കേസുകള്‍ പ്രതിക്ക് 5 മാസം മുമ്പ് സമാനമായ രണ്ട് കേസുകള്‍ ശൂരനാട് പോലീസ് സ്റ്റേഷന്‍ ലിമിറ്റില്‍ ഉണ്ടായിട്ടുണ്ട്.
അന്ന് ബസ് കാത്തു നില്‍ക്കുന്ന  വൃദ്ധയായ സ്ത്രീകളെ പ്രതി തന്റെ സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടാക്കാം എന്നുപറഞ്ഞ് കയറ്റുകയും തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തുമ്പോള്‍ സ്ത്രീകളെ ഇറക്കി ബലമായി അവരുടെ മാല പിടിച്ചു പറിച്ചു കൊണ്ടുപോകുകയായിരുന്നു രീതി. ഈ കേസുകളില്‍ അറസ്റ്റിലായിരുന്നപ്രതി കഴിഞ്ഞ മൂന്നുമാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. ആദ്യത്തെ രീതിയില്‍ പിടിക്കപ്പെട്ടതുകൊണ്ടാണ് പ്രതി നൂറനാട് മറ്റൊരു രീതി അവലംബിച്ചത്. വൈകിട്ട് 5 മണിക്ക് നൂറനാട് എത്തുന്ന പ്രതി റോഡില്‍കൂടി ഒറ്റയ്ക്ക് നടക്കുന്ന വൃദ്ധയായ സ്ത്രീകളെ നോട്ടം ഇടുകയും അവരുടെ അടുത്ത് ചെന്ന് പരിചയപ്പെട്ടു സ്ഥലത്ത് തന്നെയുള്ള മറ്റാരുടെയെങ്കിലും അഡ്രസ്സ് അറിയാമോ എന്ന് ചോദിക്കുകയും ഇങ്ങനെ ചോദിച്ചു നില്‍ക്കുന്ന അവസരത്തില്‍ അവരുടെ മാല പൊട്ടിച്ചുകൊണ്ട് പോകുന്നതായിരുന്നു രീതി. പ്രായമായ സ്ത്രീകള്‍ ആയതുകൊണ്ട് പ്രതിയെ ബലമായി തടഞ്ഞു നിര്‍ത്തുന്നതിനോ വന്ന വാഹനം ഏതാണെന്ന് തിരിച്ചറിയുന്നതിനോ സാധിച്ചിരുന്നില്ല. ഈ കാരണങ്ങള്‍ കൊണ്ടാണ് പ്രതി പ്രായമായ സ്ത്രീകളെ ഇതിനുവേണ്ടി തിരഞ്ഞെടുത്തിരുന്നത്.

പ്രതിയുടെ ലക്ഷ്യം ആഡംബര ജീവിതം

ആഡംബര ജീവിതം  ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് പ്രതി ഇത്തരത്തില്‍ മാല മോഷണം നടത്തിയിരുന്നത്.നൂറനാട് പ്രദേശത്തെ സംബന്ധിച്ച് പ്രതിക്ക് നല്ല ധാരണ ഉണ്ടായതുകൊണ്ടാണ് ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. എല്ലാ ചെറിയ വഴികളെ സംബന്ധിച്ചും പ്രതിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഒരിക്കലും പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി സി സി ടി വി കള്‍ ഉള്ള വഴികള്‍ ഒഴിവാക്കിയാണ് പ്രതി സഞ്ചരിച്ചിരുന്നത്. ഗള്‍ഫില്‍ ജോലി ഉണ്ടായിരുന്ന പ്രതി കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മോഹമാണ് പ്രതിയെ ഇതിലേക്ക് തിരിച്ചിട്ടുള്ളത്. മദ്യപിക്കുന്നതിനും വാഹനങ്ങള്‍ മാറുന്നതിനും ഈ പണം പ്രതി ചിലവഴിച്ചിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും.  സി ഐ ശ്രീജിത്ത് പി എസ് ഐ നിധീഷ് സിപി ഓ മാരായ സിനു വര്‍ഗീസ്,രജീഷ്,ജയേഷ് വിഷ്ണു,പ്രവീണ്‍ കലേഷ്,ജംഷാദ് മനു എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.