News

ഡിസംബറില്‍ വിമാനം, ബസ് യാത്രാനിരക്കുകള്‍ കൂടും: ഉടമകള്‍ക്ക് ചാകര, യാത്രികര്‍ക്ക് കണ്ണീര്

17 November 2022 , 7:10 PM

 

കൊച്ചി: ക്രിസ്മസ്, ന്യൂ ഇയര്‍, ശബരിമല സീസണ്‍ എന്നിവ ലക്ഷ്യംവച്ച് വിമാനം, സ്വകാര്യബസ് യാത്രാനിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചുന്നു.
ഡിസംബര്‍ 15 മുതല്‍ നിരക്ക് വര്‍ധിക്കും. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്‍െ്‌റ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ പതിവ് കൊള്ള. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് 16438 രൂപയാണ്. അതായത് ഇരട്ടിയിലധികമാണ് നിരക്ക്. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതുകൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള.
വിമാനയാത്രയ്ക്ക് പകരം സ്വകാര്യ ബസ് ആശ്രയിയിക്കാന്‍ തീരുമാനിച്ചാലും കൂടുതല്‍ പണം വേണ്ടിവരും. സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ അടുത്ത മാസം ആദ്യം തന്നെ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി വര്‍ധിക്കുമെന്നാണ് ഇപ്പോഴുള്ള വിവരം. ക്രിസ്തുമസ് അവധിക്കാലമാവുന്നതോടെ ഇത് വീണ്ടും വര്‍ധിപ്പിക്കും.