News

നയനസൂര്യയുടെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത മറച്ചുവെച്ച് പോലീസ്; തുടരന്വേഷണത്തിന് ഇന്ന് തുടക്കം

03 January 2023 , 8:59 AM

 

തിരുവനന്തപുരം: യുവസംവിധായക നയനസൂര്യയുടെ പോസ്റ്റ്മോർട്ട റിപ്പോർട്ട് വന്നതോടെ പോലീസി നെതിരെ ആരോപണം ഉണ്ടായതോടെ തുടർ അന്വേഷണത്തിന് ഇന്ന് തുടക്കം. ദുരൂഹ മരണത്തിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി കേസന്വേഷണ ഫയലുകള്‍ ഇന്ന് പരിശോധിക്കും. തുടരന്വേഷണത്തിനായി ചുമതലപ്പെടുത്തിയ ഡിസിആർബി അസി.കമ്മീഷണർ ദിനിലാണ് ഫയലുകള്‍ പരിശോധിക്കുന്നത്. മ്യൂസിയം പൊലീസാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയത്. നയനയുടെ മരണം കൊലപാതകമല്ലെന്നും ദുരൂഹതയില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് എത്തിയത്.  

എന്നാൽ കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹതയേറിയത്. നയനയുടെ സുഹൃത്തുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിയും നൽകി. ഈ സാഹചര്യത്തിലാണ് ഇതേവരെ നടത്തിയിട്ടുള്ള അന്വേഷണം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷണർ അസി.കമ്മീഷണറെ  ചുമതലപ്പെടുത്തിയത്. എന്നാൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് മറച്ചു വെച്ചുവെന്ന് സഹോദരന്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ നേരത്തെ ലഭിച്ചിരുന്നു. പൊലീസ് പറഞ്ഞത് വിശ്വസിച്ചതിനാല്‍ വായിച്ചു പോലും നോക്കിയില്ല. ഇപ്പോള്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ ദുരുഹത തോന്നുന്നുണ്ട്. സത്യാവസ്ഥ പുറത്തുവരാന്‍ വിശദമായ അന്വേഷണം വേണമെന്നും സഹോദരങ്ങള്‍ ആവശ്യപ്പെട്ടു. നയനയുടെ ശരീരത്തിലെ പരിക്കുകളുടെ കാര്യം അന്വേഷണ സംഘം മറച്ചു വെച്ചു. ദുരൂഹതയില്ലെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പരാതി ഇല്ലെന്ന് എഴുതി വാങ്ങി. പ്രമേഹരോഗിയായതിനാല്‍ ഇതാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴുത്ത് ഞെരിച്ച സ്ഥിതിയിലായിരുന്നുവെന്നും, കഴുത്തിലേറ്റ പരിക്കാണ് മരണകാരണമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലാണ് നയനയുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. ക്ഷതമേറ്റ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പ് 2019 ഫെബ്രുവരി 24 നാണ് യുവസംവിധായിക നയനാസൂര്യ (28)യെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകളാണ്.