News

ഏറ്റുമാനൂരില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് കത്തി നശിച്ചു

28 November 2022 , 7:17 AM

 

 

കോട്ടയം: ഏറ്റുമാനൂരില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞതിനു പിന്നാലെ കാര്‍ കത്തി നശിച്ചു.ഏറ്റുമാനൂർ സെന്‍ട്രല്‍ ജംക്ഷനില്‍ പൊലീസ് സ്റ്റേഷനു മുന്‍വശത്താണ് സംഭവം. എറണാകുളത്തു നിന്നും വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ഓടിച്ചിരുന്ന ആള്‍ ഇറങ്ങിയതിനു പിന്നാലെ കാറിനു തീപിടിച്ചു. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. എറണാകുളം ഭാഗത്തു നിന്നു കോട്ടയത്തേക്കു വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഇടിച്ചു വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു.

നാട്ടുകാര്‍ വാഹനം ഉയര്‍ത്തി ഓടിച്ചിരുന്ന ആളെ പുറത്തെത്തിച്ചു. പിന്നാലെയാണ് തീ പിടുത്തം ഉണ്ടായത്.

കാര്‍ ഉയര്‍ത്തിയതിനു പിന്നാലെ കാറിന്റെ എന്‍ജിന്‍ ഭാഗത്തുനിന്നു പുകയും തീയും ഉയര്‍ന്നു. വാഹനം പൂര്‍ണമായി കത്തി. അപകടം ഒഴിവാക്കാന്‍ പൊലീസ് എത്തി റോഡ് ബ്ലോക്ക് ചെയ്ത് കോട്ടയം അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള പെട്രോള്‍ പമ്ബില്‍ നിന്നു ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച്‌ തീ കെടുത്താന്‍ ശ്രമിച്ചു. തീ ആളി പടര്‍ന്നതോടെ പിന്മാറി. അഗ്‌നിരക്ഷാ സേനയുടെ ചെറിയ വാഹനം എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ വലിയ വാഹനം എത്തിച്ചു കെടുത്തുകയായിരുന്നു. ഓടിച്ചിരുന്ന ആളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.