Entertainment

മഹേഷിന്റെ അമ്മച്ചിയ്ക്ക് 73-ാം വയസില്‍ ആഗ്രഹസാഫല്യം: പത്താം ക്ലാസ് പാസായി

Laavanya Lal

19 January 2023 , 2:16 PM

 

ആലപ്പുഴ: 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയില്‍ നായകന്‍െ്‌റ അമ്മച്ചിയായി പ്രധാന വേഷമിട്ട നടി ലീന ആന്‍്‌റണിയ്ക്ക് 73-ാം വയസില്‍ എസ്.എസ്.എല്‍.സി പാസായി.
തൈക്കാട്ടുശേരി ഒന്നാം വാര്‍ഡ് ഉളവയ്പ് കോയിപ്പറമ്പില്‍ ലീന ആന്റണി സപ്റ്റംബറില്‍ എഴുതിയ തുല്യതാ പരീക്ഷയിലാണ് താരം വിജയം നേടിയത്. നവംബര്‍ അവസാനം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചെങ്കിലും കെമിസ്ട്രിക്കും കണക്കിനും പരാജയപ്പെടുകയായിരുന്നു. അങ്ങനെയങ്ങ് വിട്ടാല്‍ ശരിയാവില്ലെന്ന് മനസ്സിലാക്കിയ താരം സേ പരീക്ഷ എഴുതിയാണ് ഇപ്പോള്‍ വിജയിച്ചത്. അടുത്തത് പ്ലസ് വണ്‍ തുല്യതാ പരീക്ഷയ്ക്ക് ചേരാന്‍ ഒരുങ്ങുകയാണ് നടി. ഭര്‍ത്താവും നടനുമായ കെ.എല്‍.ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലുകളില്‍ പുസ്തകങ്ങളും സിനിമയുമായിരുന്നു കൂട്ട്.
മകന്‍ ലാസര്‍ ഷൈനും മരുമകള്‍ മായാകൃഷ്ണനും നല്‍കിയ പ്രോത്സാഹനമാണു തുല്യതാപഠനത്തിനു കാരണം. മഹേഷിന്റെ പ്രതികാരം സിനിമയിലൂടെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ലീനയും. ലീന ഇപ്പോള്‍ സ്‌പോക്കണ്‍ ഇംഗ്ലിഷ് പഠിക്കുന്നുണ്ട്. മൂന്നു മാസമായി കലാമണ്ഡലം അശ്വതിയുടെ കീഴില്‍ കൂടിയാട്ടവും പഠിക്കുന്നു. ലീന പരീക്ഷയെഴുതിയ വിവരമറിഞ്ഞ് മന്ത്രി വി. ശിവന്‍കുട്ടി സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. വിജയിച്ചപ്പോഴും മന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.







-