News

പൂജപഠിക്കാനെത്തിയ 10വയസുകാരനെ ലൈഗീക പീഡനത്തിനിരയാക്കിയ പൂജാരിക്ക് 111 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി

12 October 2023 , 6:00 PM

 

ആലപ്പുഴ:  പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് പോക്‌സോ നിയമപ്രകാരം 111 വര്‍ഷം കഠിനതടവ് ശിക്ഷ. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി വൈറ്റിലശ്ശേരി വീട്ടില്‍ രാജേഷ് (40)-നെയാണ് ചേര്‍ത്തല അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി വാണി.കെ.എം ആണ് കഠിനതടവിന് ശിക്ഷിച്ചത്. കഠിന തടവിന് പുറമേ ആറ് ലക്ഷം രൂപയോളം പ്രതി പിഴയും അടക്കണം. പിഴ അടക്കാത്ത പക്ഷം പ്രത്യേകം തടവും വിധിച്ചിട്ടുണ്ട്. 2020 ഡിസംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചേര്‍ത്തല തൈക്കാട്ടുശ്ശേരി ഭാഗത്തുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതി ക്ഷേത്രത്തില്‍ പൂജ കര്‍മ്മം പഠിക്കുന്നതിന് പ്രതിക്കൊപ്പം ക്ഷേത്രം വക ശാന്തിമഠത്തില്‍ താമസിച്ച് വന്നിരുന്ന 10 വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു കേസ്. പൂച്ചാക്കല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്‌പെക്ടര്‍മാരായ എം.അജയ് മോഹന്‍, അജി ജി നാഥ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സബ്ബ് ഇന്‍സ്‌പെക്ടര്‍ ഗോപാലകൃഷ്ണന്‍, എഎസ്‌ഐ സുനില്‍ രാജ്, എ എസ്‌ഐ അമ്പിളി, സീനിയര്‍ സിപി അഖില്‍ സിപി നിത്യ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ ജില്ലയില്‍ ശിക്ഷ വിധിച്ചിട്ടുള്ള പോക്‌സോ കേസുകളില്‍ അപൂര്‍വമാണ് ഒരു പ്രതിക്ക്111 വര്‍ഷത്തെ കഠിനതടവ് വിധിച്ച് കൊണ്ടുള്ള ചേര്‍ത്തല അതിവേഗ പോക്‌സോ കോടതിയുടെ വിധി. പോലിസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്ന മുഴുവന്‍ വകുപ്പകളിലും പ്രതിയെ ശിക്ഷിച്ചിട്ടുണ്ട്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പോക്‌സോ വകുപ്പിന് പുറമെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 - വകുപ്പ് പ്രകാരം 10 വര്‍ഷത്തെ തടവ് കൂടി പ്രതിക്ക് വിധിച്ചിട്ടുണ്ട്. പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യുട്ടര്‍ ബീന.റ്റി. യും പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് സി.കെ.സജീവും ഹാജരായി. പ്രോസിക്യുഷന്‍ 24 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ തെളിവിനായി കോടതിയില്‍ സമര്‍പ്പിച്ചു. പൂച്ചാക്കല്‍ പോലിസ് സ്റ്റേഷന്‍ സിപിഓ ഹരീഷ്  പ്രോസിക്യുഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. മറ്റൊരു കേസില്‍, കേസ്സ് രജിസ്റ്റര്‍ ചെയ്ത് 8 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച പൂച്ചാക്കല്‍ പോലിസിന്റെ പ്രവര്‍ത്തി ഒരുപാട് പ്രശംസ നേടിയിരുന്നു. ജില്ലയിലെ 9 ശിശുസൗഹൃദ പോലിസ് സ്റ്റേഷനുകളില്‍ ഒരെണ്ണം പൂച്ചാക്കല്‍ പോലിസ് സ്റ്റേഷന്‍ ആണ്.