News

പുഴയിലെ മണല്‍ക്കുഴിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

14 April 2023 , 12:30 PM

 

കൊച്ചി: പുഴയിലെ മണല്‍ക്കുഴിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.എരൂര്‍ കല്ലുപറമ്ബില്‍ കെഎം മനേഷ് (42) ആണ് മരിച്ചത്. ബലി തര്‍പ്പണ ചടങ്ങുകള്‍ക്കിടെയാണ് അപകടം. പാഴൂര്‍ മണല്‍പ്പുറത്തിനു സമീപമുള്ള കടവില്‍ ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. മനേഷിന്റെ മാതൃസഹോദരന്റെ ബലി തര്‍പ്പണത്തിനായി 20അംഗ സംഘമാണ് പാഴൂരില്‍ എത്തിയത്. മണല്‍പ്പുറത്തിനു സമീപം പുഴയോരത്തു മണ്‍ത്തിട്ടയില്‍ നിന്ന അമല്‍, സജിന്‍, സൂര്യദേവ് എന്നിവര്‍ കാല്‍വഴുതി വെള്ളത്തില്‍ വീണു. നീന്തലറിയുമായിരുന്ന മനേഷ് മൂന്ന് പേരെയും രക്ഷിച്ച് കരയില്‍ എത്തിച്ചു. പിന്നാലെ മനേഷ് മണല്‍ വാരല്‍ നടന്ന കുഴിയില്‍ മുങ്ങിപ്പോകുകയായിരുന്നു. പുഴയുടെ പല ഭാഗങ്ങളിലായി ഇത്തരം കുഴികളുണ്ട്.