News

ശബരിമലയിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ക്യൂ

20 December 2022 , 6:53 AM

 

പത്തനംതിട്ട: ശബരിമല അയ്യപ്പ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഖദര്‍ശനമൊരുക്കാന്‍ നടപ്പന്തലില്‍ പ്രത്യേക ക്യൂവിന് തുടക്കമായി.   വലിയ നടപ്പന്തലിലെ ഒരു വരിയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നീക്കി വച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം തീര്‍ത്ഥാടക സംഘത്തിലെ മറ്റൊരാള്‍ക്ക് കൂടി പ്രത്യേക ക്യൂവില്‍ നില്‍ക്കാന്‍ അവസരം നല്‍കും. ഇവര്‍ക്ക് പതിനെട്ടാംപടിക്ക് താഴെ ആല്‍മരത്തിന് ചുവട്ടിലായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടത്തില്‍ വിശ്രമിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടെയുള്ളവര്‍ എത്തുന്നതു വരെ ഇവര്‍ക്ക് ഇരിപ്പിടങ്ങളില്‍ വിശ്രമിക്കാവുന്നതാണ്. അല്ലാത്തവര്‍ക്ക് നേരിട്ട് പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്താം. ദര്‍ശനം കഴിഞ്ഞ ഭക്തര്‍ ഫ്ലൈ ഓവര്‍ വഴി പുറത്തേക്ക് പോകുന്നതിനാവശ്യമായ സൗകര്യങ്ങളും നിലവിലുണ്ട്.

ഇന്നലെ പുലര്‍ച്ചെ മൂന്നു മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയുള്ള കണക്കനുസരിച്ച് 512 കുട്ടികളും 484 സ്ത്രീകളും 24 ഭിന്നശേഷിക്കാരും പ്രത്യേക ക്യൂ സംവിധാനം പ്രയോജപ്പെടുത്തിയതായി സന്നിധാനം എഡിഎം, പി. വിഷ്ണുരാജ് പറഞ്ഞു.