News

മതിയായ രേഖകളില്ലാതെ ബംഗ്ലാദേശ് സ്വദേശി പെരിന്തൽമണ്ണയിൽ അറസ്റ്റിൽ

21 September 2022 , 12:09 PM

 

 

മലപ്പുറം: ആവശ്യമായ രേഖകളില്ലാത്തതിന്റെ പേരിൽ ബംഗ്ലാദേശുകാരനായ യുവാവിനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. ബംഗ്ലാദേശിലെ ജെനൈദാഹ് ജില്ലയിലെ ഹംദാ സ്വദേശി അലിഫ് ഖന്തോകറി(27)നെയാണ് പെരിന്തൽമണ്ണ എസ്.ഐ. യാസിറിന്റെ നേതൃത്വത്തിൽ ഫോറിനേഴ്‌സ് ആക്ട് പ്രകാരം അറസ്റ്റു ചെയ്തത്. ആറു മാസത്തിലേറെയായി ഇയാൾ ആനമങ്ങാടുള്ള അതിഥിത്തൊഴിലാളികൾക്കൊപ്പം താമസിക്കുകയാണ്. തെങ്ങുകയറ്റക്കാരനാണ് അലിഫ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടനുസരിച്ചാണ് തിങ്കളാഴ്ച രാത്രി ഇയാളെ അറസ്റ്റു ചെയ്തത്. 2023 വരെ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടെങ്കിലും വിസയടക്കമുള്ള രേഖകളില്ല. വ്യാജപ്പേരുകളിലാണ് ഇയാൾ താമസിച്ചിരുന്നത്. പെരിന്തൽമണ്ണയിൽ കെട്ടിടനിർമാണ ജോലിക്കെത്തിയ ആൾക്കൊപ്പമാണ് അലിഫ് ഖന്തോകറും ഇവിടെയെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം കോഴിക്കോട് ഫോറിൻ റീജണൽ രജിസ്‌ട്രേഷൻ ഓഫീസറെ (എഫ്.ആർ.ആർ.ഒ.) അറിയിച്ചെന്ന് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവി പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.