News

പീഡന കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സിഐക്കെതിരെ കേസ്

15 December 2022 , 10:24 AM

 

പോക്‌സോ കേസ് പ്രതി ബന്ധുക്കളോട് പീഡന വിവരമറിയിച്ചതോടെ സംഭവം പുറത്താവുകയായിരുന്നു.

പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സി.ഐക്കെതിരെ കേസ്. അയിരൂർ എസ് എച്ച്. ഒ ആയിരുന്ന ജയസനിലിന് എതിരെയാണ് പോലീസ്  കേസെടുത്തത്. പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ജയസനിൽ പോലീസ് ക്വാർട്ടേഴ്‌സിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. മറ്റൊരു കേസിൽ  ജയസനിൽ സസ്‌പെൻഷനിലാണ്. പീഡന വിവരം പുറത്തു വരാതിരിക്കാൻ പോക്‌സോ കേസ് പ്രതിക്കെതിരെ അസാധാരണമാം വിധം മൂന്നു ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ പോക്‌സോ കേസ് പ്രതി ബന്ധുക്കളോട് പീഡന വിവരമറിയിച്ചതോടെ സംഭവം പുറത്താവുകയായിരുന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. തുടർന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. പ്രകൃതി വിരുദ്ധ പീഡന പരാതിയിൽ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പോക്‌സോ കേസ് ഒതുക്കാൻ 1,35,000 രൂപ സിഐ ജയസനിൽ  കൈക്കൂലി വാങ്ങിയെന്നുംആരോപണമുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെ മുൻപ് സസ്‌പെൻഡ് ചെയ്തത്.