News

പത്തനംതിട്ട വടശേരിക്കരയിൽ ആടിനെ കടുവ പിടിച്ചു

25 May 2023 , 12:13 PM

 

പത്തനംതിട്ട : വടശേരിക്കര കുമ്പളത്താമണ്ണില്‍ ആടിനെ കടുവ പിടിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നാട്ടില്‍ കടുവയിറങ്ങുന്നത്. തിങ്കളാഴ്ച രാത്രി വടശേരിക്കര ചെമ്പരത്തിൻമൂട് ഭാഗത്തിറങ്ങിയ കടുവ കടിച്ചെടുത്തത് ബൗണ്ടറി വലിയമണ്ണിൽ പി ടി. സദാനന്ദന്റെ 6 മാസം പ്രായമുള്ള ആട്ടിൻ കുട്ടിയെയാണ്. കടുവ ഭക്ഷിച്ച ആട്ടിൻകുട്ടിയുടെ അവശിഷ്ടങ്ങൾ സദാനന്ദന്റെ വീടിന് ഏകദേശം 200 മീറ്റർ അകലെ ചൊവ്വാഴ്ച രാവിലെ കണ്ടെത്തി. 8 ആടുകളെയാണു സദാനന്ദൻ വളർത്തിയിരുന്നത്. ഇതിൽ 4 എണ്ണം കുട്ടികളാണ്. ഇതിലൊന്നിനെയാണു രാത്രി 8 മണിയോടെ കടുവ കടിച്ചെടുത്തത്.