News

ആറന്മുള വള്ളസദ്യയ്‌ക്കായുള്ള അടുപ്പിൽ അഗ്നി പടർന്നു. വള്ളസദ്യ നാളെ മുതൽ

22 July 2023 , 8:58 AM

 

 

ആറന്മുള: നാളെ മുതൽ നടക്കുന്ന ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ  വള്ളസദ്യയ്‌ക്കായുള്ള അടുപ്പിൽ അഗ്നി പടർന്നു. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്ന ദീപം, പള്ളിയോട സേവാസംഘം പ്രസിഡന്റ് മുതിർന്ന പാചക വിദഗ്ധൻ വാസുപിള്ളയ്‌ക്ക് കൈമാറി. തുടർന്ന് അടുപ്പിലേക്ക് തീ പകർന്നു. 

         നാളെ എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ വള്ളസദ്യ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ രണ്ടു വരെ വള്ളസദ്യയുണ്ടാകും. എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാവുന്ന അഷ്ടമി രോഹിണി വള്ളസദ്യ സെപ്റ്റംബർ ആറിനാണ്.

          ഒരു ദിവസം 12 വള്ളസദ്യ വരെ നടത്തുന്നുണ്ട്. 44 വിഭവങ്ങൾക്കു പുറമെ വഴിപാട് നടത്തുന്ന ചുണ്ടൻവള്ളത്തിലെത്തുന്നവർ പാടി ചോദിക്കുന്ന 20 വിഭവങ്ങളുമടക്കം 64 വിഭവങ്ങളാണ് വിളമ്പുന്നത്. വള്ളസദ്യയ്ക്കും അഷ്ടമിരോഹിണി വള്ളസദ്യയ്ക്കും ഉപയോഗിക്കുന്നത് കൃഷിവകുപ്പിന്റെയും ആറ് പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കർഷകർ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളാണ്.

        ഇത്തവണ 500 വള്ളസദ്യകൾ ആണ് ബുക്ക് ചെയ്തിരിക്കുന്നത്. വള്ളസദ്യയിൽ പങ്കെടുക്കാനായി ബജറ്റ് ടൂറിസം പദ്ധതിയിൽ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. ഈ വർഷത്തെ വഞ്ചിപ്പാട്ടു സോപാനം (വഞ്ചിപ്പാട്ടു മത്സരം) ഓഗസ്റ്റ് ആറു മുതൽ 20 വരെ ക്ഷേത്രസന്നിധിയിൽ നടക്കും. തിരുവോണത്തോണി ഓഗസ്റ്റ് 29ന് എത്തും. ഉതൃട്ടാതി വള്ളംകളി സെപ്റ്റംബർ രണ്ടിനാണ് നടക്കുക.