News

വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

10 May 2023 , 11:10 AM

 

കൊല്ലം: വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. മരിച്ചത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദന (22). ഇന്നു പുലർച്ചെ നാലരയോടെയാണു സംഭവം.  പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ  ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

വനിത  ഡോക്ടർക്ക് ഏറ്റത് ആറു കുത്തുകൾ

ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നിൽനിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. 

പൊലീസിന്റെ മുന്നിൽ വച്ചാണ് ആക്രമണം ഉണ്ടായത്.

ഡോക്ടർമാർ 24 മണിയ്ക്കൂർ സമരം പ്രഖ്യാപിച്ചു

 

കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഡോക്ടർമാർ  സമരത്തിലേക്ക്

 ഡോക്ടറെ കുത്തിക്കൊന്നത് ദാരുണ സംഭവമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

ഏറെ വേദനിപ്പിക്കുന്ന സംഭവമാണ്.പൊലീസ് എയ്ഡ്പോസ്റ്റ് അടക്കം പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് സംഭവം നടന്നത്. ആക്രമണം നടക്കുമ്ബോള്‍ ഡോക്ടറും മൂന്നു പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. പ്രതി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. ഡോക്ടറുടെ പുറത്ത് കയറിയിരുന്ന് കുത്തുകയായിരുന്നു. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയാന്‍ നിയമം നിലവിലുണ്ട്. നിയമം കൂടുതല്‍ ശക്തമായി ഓര്‍ഡിനന്‍സ് രൂപത്തില്‍ ഇറക്കുമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.