News

16 കാരനെ ലോഡ്ജിലിട്ട് പീഡിപ്പിച്ച 26 കാരൻ അറസ്റ്റിൽ

01 September 2022 , 8:18 PM

 

കോഴിക്കോട്: പതിനാറു വയസുകാരനെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് ലൈഗീകമായി പീഡിപ്പിച്ച 26 വയസുകാരനെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു.  കോഴിക്കോട് വളയം ചെറുമോത്ത് സ്വദേശി പുലപ്പാടി അഫ്സലിനെ (26) യാണ് വളയം പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ജൂലായ് മാസം 17-നാണ് കേസിനാസ്പദമായ സംഭവം. രാവിലെ 11 മണിയോടെ പതിനാറുകാരനെ പ്രലോഭിച്ച് ഹരിയാണ രജിസ്ട്രേഷൻ നമ്പർ കാറിൽ കയറ്റി കൊടുവള്ളിയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടി വീട്ടിൽ വന്ന് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി ഡോക്ടർ ചോദിച്ചപ്പോഴാണ് പീഢന വിവരം പുറത്തായത്.

കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ പ്രതി ഒളിവിൽപ്പോയി.

വളയം പോലീസ് ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് മൈസൂരിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.