News

സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിക്കും, പിന്നീട് മോഷണം: വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

03 January 2023 , 6:14 AM

 

കോഴിക്കോട്: വടകരയിൽ വ്യാപാരി സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ 22 കാരൻ അറസ്റ്റിൽ . തൃശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. തൃശൂരിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വടകര പഴയ സ്റ്റാൻഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന  അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് മോഷണ ശ്രമത്തിനിടെയാണെന്നും രാജനെ പ്രതി പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണെന്നും പൊലീസ് വ്യക്തമാക്കി.  തൃശൂർ തിരുത്തള്ളൂർ സ്വദേശിയാണ് പ്രതി മുഹമ്മദ് ഷഫീഖ്. മുമ്പും ഇയാൾ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി ആളുകളെ പരിചയപ്പെട്ട് അവരുമായി സൗഹൃദം കൂടി മോഷണം നടത്തുകയാണ് പ്രതിയുടെ രീതി.

 ഡിസംബർ 24ന് രാത്രിയിലാണ് രാജനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിരുന്നു. 

രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജൻ കടയടച്ച് വീട്ടിലെത്താതായതോടെയണ് ബന്ധുക്കൾ ഇയാളെ അന്വേഷിച്ച് കടയിൽ എത്തിയത്. ഈ സമയത്ത് കടക്കുള്ളിൽ മരിച്ച നിലയിലായിരുന്നു രാജൻ. രാജന്റെ മുഖത്ത് മർദ്ദനമേറ്റ പാട് ഉണ്ടായിരുന്നു. കടക്കുള്ളിൽ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. രാജന്റെ മൂന്ന് പവനോളം വരുന്ന സ്വർണ മാലയും മോതിരവും ബൈക്കും നഷ്ടപ്പെട്ടിരുന്നു. മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തി അന്വേഷണത്തിലാണ് പ്രതി  ഷെഫീക്കിനെ പോലീസ് പിടികൂടിയത്.

വ്യാപാരിയുമായുള്ള സൗഹൃദത്തിൻറെ പിൻബലത്തിൽ ഷെഫീഖ് വ്യാപാരിയുമായി ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് കുറ്റകൃത്യം നടന്നത്.