News

നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകി; 21കാരനെ തല്ലിക്കൊന്നു, സംഭവം പട്ടാമ്പിയിൽ

06 November 2022 , 8:31 PM

 

21കാരന്റെ ശരീരത്ത് നൂറിലധികം പാടുകൾ

പാലക്കാട്: നായയ്‌ക്കു തീറ്റ കൊടുക്കാന്‍ വൈകിയതിന് ബന്ധു വായ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയിലായി. പട്ടാമ്പി കൊപ്പം മുളയന്‍കാവ് പാലപ്പുഴ ഹക്കീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊപ്പം മണ്ണേങ്ങോട് അത്താണിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന, മുളയന്‍കാവ് പെരുമ്ബ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടേയും മകന്‍ അര്‍ഷദ്(21)ആണ് ബെല്‍റ്റും മരക്കഷണവും ഉപയോഗിച്ചുള്ള അടികൊണ്ട് കൊല്ലപ്പെട്ടത്. ഹക്കീമിന്റെ അമ്മായിയുടെ മകനാണ് കൊല്ലപ്പെട്ട അര്‍ഷദ്.

അര്‍ഷദിനെ കെട്ടിടത്തില്‍ നിന്നു വീണെന്ന് പറഞ്ഞ് ഹക്കീം ഒറ്റപ്പാലത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതരും പോലീസും കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അര്‍ഷദിന്റെ ശരീരം മുഴുവന്‍ അടിയേറ്റതിന്റെ നൂറോളം പാടുകളും മുറിവുകളുമുണ്ടായിരുന്നു.

സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ സംബന്ധമായ ജോലി ചെയ്ത് വരികയായിരുന്നു കൊല്ലപ്പെട്ട അര്‍ഷദും പ്രതി ഹക്കീമും. ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്.

ഹക്കീം വളര്‍ത്തുന്ന നായയ്‌ക്കു തീറ്റ കൊടുക്കാന്‍ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മര്‍ദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെല്‍റ്റ് ഊരി ഇത് ഉപയോഗിച്ചും പട്ടിക കൊണ്ടും ക്രൂരമായി ഉപദ്രവിച്ചു. അടിയേറ്റ് തളര്‍ന്ന് വീണ അര്‍ഷദിനെ ചവിട്ടിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നു. ഇതോടെ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് വിവരം. ഇതിന് മുന്‍പും ഹക്കീം, അര്‍ഷദിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം.പിടിയിലായ പ്രതിയെ കൊപ്പം പോലീസ് റിമാന്റ് ചെയ്തിട്ടുണ്ട്