News

അമ്മയുടെ സുഹൃത്ത് കൊണ്ടുപോയ സ്വർണം തിരികെ വാങ്ങാനായി പതിമൂന്നുകാരൻ പോയി: തുടർന്ന് തട്ടിക്കൊണ്ടുപോകൽ, പീഢനം

19 October 2022 , 2:34 PM

 

 

കോഴിക്കോട് : ബാലുശ്ശേരിയിൽ അമ്മയുമായി സൗഹൃദത്തിലായ യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനാണ് യുവാവ് അറസ്റ്റിലായത് . കാസര്‍കോട് കീക്കാന്‍ മാലിക്കയില്‍ റഫീക്ക് ഹുസൈ (33)നാണ് പിടിയിലായത്. ഓഗസ്റ്റ് 30നാണ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി കാസര്‍കോട്ടേക്ക് കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് രണ്ടുദിവസത്തിനുശേഷം ഇയാള്‍ പിടിയിലാവുകയായിരുന്നു.

എന്നാല്‍, കൂടുതല്‍ അന്വേഷണം നടത്താതെ തട്ടിക്കൊണ്ടുപോയെന്ന വകുപ്പ് മാത്രം ചേര്‍ത്ത് കേസെടുത്ത് പോലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കി ഇയാളെ വിട്ടയച്ചു. ഭയംകാരണം പോലീസിനോട് പീഡനത്തെക്കുറിച്ച് പരാതി പറയാതിരുന്ന കുട്ടി പിന്നീട് വീട്ടുകാരോടാണ് താന്‍ നേരിട്ട ക്രൂരപീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്. ഇതേത്തുടര്‍ന്ന് ബാലുശ്ശേരിയിലെ പെണ്ണകം വനിതാക്കൂട്ടായ്മ അംഗങ്ങളെ സമീപിച്ച ബന്ധുക്കള്‍ ഇവര്‍ വഴി ചൈല്‍ഡ് ലൈനില്‍ പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി കുട്ടിയുടെ മൊഴിയെടുക്കുകയായിരുന്നു.ബാലുശ്ശേരി എസ്.ഐ. കെ റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് ബീച്ചില്‍നിന്ന് റഫീക്ക് ഹുസൈനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടുനടന്ന ഒരു മേളയില്‍വെച്ച് കുട്ടിയുടെഅമ്മയുമായി സൗഹൃദത്തിലായ പ്രതി പിന്നീട് പ്രണയം നടിച്ച് 10 പവന്‍ സ്വര്‍ണം കൈക്കലാക്കി. വീട്ടില്‍ ഇയാളുമായുള്ള അടുപ്പമറിഞ്ഞതോടെ ഇവര്‍ സ്വര്‍ണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. മകനെ ബാലുശ്ശേരിയിലേക്ക് പറഞ്ഞയച്ചാല്‍ സ്വര്‍ണം കൊടുത്തുവിടാമെന്ന് റഫീക്ക് ഫോണില്‍ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടിയെ മാതാവ് പറഞ്ഞയയ്ക്കുന്നത്.

 

പിന്നീട് താന്‍ കോഴിക്കോട്ടാണുള്ളതെന്നും അവിടേയ്ക്ക് വരണമെന്നും പറഞ്ഞു. കുട്ടിയുമായും ഇയാള്‍ നല്ല അടുപ്പം സ്ഥാപിച്ചിരുന്നതിനാല്‍ ഭയമില്ലാതെ കുട്ടി പ്രതി പറയുന്നത് അനുസരിച്ചു.

 

കോഴിക്കോട്ടെത്തിയ കുട്ടിയെ റഫീക്ക് ബലമായി സ്വദേശമായ കാസര്‍ക്കോട്ടെത്തിക്കുകയായിരുന്നു. ഇവിടെവെച്ച് മദ്യം കഴിപ്പിച്ച് രണ്ടുദിവസം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കുട്ടിയുടെ മൊഴി.