News

ദേശീയ പാതയിലെ‍ കുഴികൾ അടിയന്തരമായി അടക്കാൻ നിർദേശിച്ച് മന്ത്രി

Alappuzha reporter

17 August 2022 , 5:05 AM

 


ആലപ്പുഴ: ദേശീയ പാതയില്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന്
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ദേശീയ പാതയിലെ‍ കുഴികള്‍ അടയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍  ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. റോഡുകളിലെ ബ്ലാക്ക് സ്പോട്ടുകളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ ലൈറ്റിംഗ് സംവിധാനം ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ജംഗ്ഷനില്‍ വേണ്ടത്ര സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. സിഗ്നലുകള്‍ക്ക് സമീപമുള്ള ബസ് സ്റ്റോപ്പുകള്‍ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റണം. ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മുറിച്ചുമാറ്റിയ മരങ്ങളും ഉടന്‍ റോഡരികില്‍ നിന്നും നീക്കാനും മന്ത്രി നിര്‍ദേശിച്ചു.
റോഡുകളിലെ കുഴികള്‍ അടച്ച് മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ആവശ്യപ്പെട്ടു.
ജില്ലയിലെ കുഴികളും ബ്ലാക്ക് സ്പോട്ടുകളും കണ്ടെത്തുന്നതിന്  നോഡല്‍ ഓഫീസര്‍മാരെ റീച്ച് തിരിച്ച് നിയോഗിച്ച് ഇവരുടെ പട്ടിക എൻ.എച്ച്.എ.ഐ കളക്ടർക്ക് നൽകണം. ഇവര്‍ ആഴ്ചതോറും റോഡുകള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമർപ്പിക്കണം.