News

കേരളത്തിലും ബി.ടി.എസ് തരംഗം: ആധിയില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

Lallu

16 August 2022 , 5:43 PM

 

തിരുവനന്തപുരം: കേരളത്തിലും കൊറിയന്‍ സംഗീത ബാന്‍ഡായ ബി.ടി.എസ് തരംഗം അലയടിക്കുന്നു. ഇവരുടെ ആരാധകര്‍ കൂടുതലും പെണ്‍കുട്ടികളായതിനാലും ആരാധനയര്‍പ്പിച്ച് സമൂഹമാധ്യമങ്ങളിലും വാട്‌സ്ആപ് ഗ്രൂപ്പുകളിലും ചതിക്കുഴികള്‍ ഒരുങ്ങുമെന്ന കാരണത്താലും മാതാപിതാക്കളുടെ ഉള്ളില്‍ ആധിയാണ്. കേരളത്തില്‍ ബി.ടി.എസ് ആര്‍മി എന്നപേരില്‍ നൂറുകണക്കിന് വാട്‌സാപ്പ് ഗ്രുപ്പുകള്‍ ഉണ്ടെന്നാണ് വിവരം. ഈ ഗ്രൂപ്പുകളില്‍ പെണ്‍കുട്ടികള്‍ അധികസമയവും ചിലവഴിക്കുകയാണ്. ഈ കോവിഡ്കാലത്ത് ഓണ്‍ലൈന്‍ €ാസുകളിലേയ്ക്ക് പഠനം മാറിയപ്പോഴാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇതിലേയ്ക്ക് വന്നത്്. മണിക്കൂറുകളോളം ഇതില്‍ ചിലവഴിക്കുകയും വാഗ്‌വാദങ്ങളിലേര്‍പ്പെടുകയും ചെയ്ത് പഠനത്തില്‍ പുറകോട്ട് പോയവര്‍ നിരവധിയാണ്. എന്നാല്‍ ഇതിന്റെ ഇരയായവരില്‍ കൂടുതലും പെണ്‍കുട്ടികളായതിനാല്‍ മാതാപിതാക്കള്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ വീടുകളില്‍തന്നെ ഒതുക്കുകയാണ്. നിരവധി മാതാപിതാക്കള്‍ കുട്ടികളെ മാനസികരോഗ വിദഗ്ദരെ കാണിച്ച് കൗണ്‍സിലിങ് നല്‍കിയിട്ടുണ്ട്. മൂന്ന്മാസങ്ങള്‍ക്ക് മുന്‍പ് ബി.ടി.എസ് ആരാധികയായ കേരളത്തിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവവുമുണ്ട്.

 

 

സംഗീത ലോകത്തെ രാജാക്കന്മാര്‍ ഈ ഏഴ് പേരാണ്

 

കൊറിയന്‍ പാട്ടുസംഘമായ ബി.ടി.എസ് എന്നാല്‍  ബാങ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് എന്നാണ് മുഴുവന്‍ പേര്. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നീ ഏഴ് പേരാണ് ബാന്‍ഡിലുള്ളത്. ബിടിഎസ്സിന്റെ ഓരോ സംഗീത വീഡിയോയും യൂട്യൂബില്‍ കോടിക്കണക്കിന് ആരാധകരാണ് കണ്ടുകഴിഞ്ഞത്. ലോകം മുഴുവന്‍ ആരാധകരുള്ള സംഗീത ബാന്‍ഡ്. ഈ ഏഴ് ചെറുപ്പക്കാരെ കുറിച്ച് ലോകത്തിലെ ഏത് കോണിലുള്ള ആള്‍ക്കും അറിയാം. ലോകത്തെല്ലായിടത്തും എല്ലാ ദിവസവും ഇവര്‍ ചര്‍ച്ചയാകുന്നു. ബി.ടി.എസ് എന്ന പേര് അറിയാത്ത യുവജനത ഇന്ന് കുറവായിരിക്കും. എന്നാല്‍ ഈ ചെറുപ്പക്കാരെ കുറിച്ചും അവരുടെ സംഗീതത്തെ കുറിച്ചും കെ പോപ്പ് മേഖലയെ കുറിച്ചും അറിയാത്തവരും കുറവല്ല. ലോകവ്യാപകമായി കോടിക്കണക്കിന് ആരാധകരാണ് ബി.ടി.എസ് എന്ന കൊറിയന്‍ സംഗീത ബാന്‍ഡിന് ഉള്ളത്. കെ പോപ്പ് മേഖലയില്‍ നിന്ന് ലോകോത്തര തലത്തില്‍ ഉയര്‍ന്നു വന്ന ആദ്യ ബാന്‍ഡാണിത്. 

ഇവരുടെ ഓരോ പുതിയ പാട്ടുകളും ബില്‍ബോര്‍ഡില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലായി റോക്ക് ബാന്‍ഡായ കോള്‍ഡ് പ്ലേയ്‌ക്കൊപ്പം ചേര്‍ന്ന് പുറത്തിറക്കിയ മൈ യൂണിവേഴ്‌സ് ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ ഒന്നാമതാണ്. ബി.ടി.എസ്സിന്റെ ഓരോ സംഗീത വീഡിയോയും യൂട്യൂബില്‍ കോടിക്കണക്കിന് ആരാധകരാണ് കണ്ടുകഴിഞ്ഞത്. എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തുന്നതിന് മുമ്പ് കഷ്ടപ്പാടിന്റേയും ദാരിദ്ര്യത്തിന്റേയും കാലം ഈ ചെറുപ്പക്കാര്‍ക്ക് ഉണ്ടായിരുന്നു. സൗത്ത് കൊറിയയിലെ അതിസമ്പന്നര്‍മാരാകുന്നതിന് മുമ്പ് ഒറ്റമുറി അപ്പാര്‍ട്‌മെന്റില്‍ ഒന്നിച്ചായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഇന്ന് താമസിക്കുന്നത് രാജ്യത്തെ ഏറ്റവും ധനികര്‍ താമസിക്കുന്ന സ്ഥലത്ത്. ഇന്നും ഇവര്‍ താമസിക്കുന്നതും പരീശീലനം നടത്തുന്നതുമെല്ലാം ഒന്നിച്ചു തന്നെ. ബി.ടി.എസിന്റെ ആരാധകര്‍ ആര്‍മി എന്ന പേരിലാണ് അറിയപ്പെടുന്നത്. ആരാധകരെ ഇത്രയേറെ വിലമതിക്കുന്ന മറ്റൊരു ബാന്‍ഡ് ഇല്ലെന്ന് തന്നെ പറയാം. ബാന്‍ഡിന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യവും ആരാധകരുമായുള്ള ഈ ചെറുപ്പക്കാരുടെ ബന്ധം തന്നെയാണ്. കേരളത്തിലും നിരവധി ആരാധകരാണ് ബി.ടി.എസ്സിനുള്ളത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ, യൂറോപ്പിലും അമേരിക്കയിലും ബി.ടി.എസ്സിനെ സ്വീകരിച്ചു.

 

ബി.ടി.എസിന്റെ വളര്‍ച്ച

 

2010 ല്‍ ബിഗ് ഹിറ്റ് എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന കമ്പനിയാണ് ബി.ടി.എസ് ബാന്‍ഡ് രൂപീകരിക്കുന്നത്. തെരുവില്‍ നൃത്തം ചെയ്യുന്നവര്‍, അണ്ടര്‍ഗ്രൗണ്ട് റാപ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് ഓഡിഷനിലൂടെയാണ് ഏഴ് പേരെ കമ്പനി കണ്ടെത്തുന്നത്. ഐക്യരാഷ്ര്ട സഭയുടെ ആസ്ഥാനത്തിനുള്ളില്‍ സംഗീത പരിപാടി അവതരിപ്പിച്ച ഏക ബാന്‍ഡും ബി.ടി.എസ് ആണ്. യുഎന്നുമായി ചേര്‍ന്ന് നടത്തിയ ക്യാമ്പെയിനിലൂടെ 3500 കോടി രൂപയാണ് ബി.ടി.എസ് സമ്പാദിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അതിനെതിരെ അവബോധം നല്‍കാനും വേണ്ടിയാണ് ലവ് മൈസെല്‍ഫ് എന്ന പേരില്‍ ക്യാമ്പെയിന്‍ നടത്തിയത്. വ്യത്യസ്തമായ ശബ്ദവും ആകര്‍ഷകമായ സംഗീതവും ചടുലമായ നൃത്തച്ചുവടുകളുമാണ് ബി.ടി.എസ്സിന്റെ പ്രത്യേകത. നേരത്തേ പറഞ്ഞതു പോലെ കരിയറിന്റെ തുടക്കത്തില്‍ നിരവധി പരിഹാസങ്ങളും വെറുപ്പും ഇവര്‍ ഏറ്റുവാങ്ങിയിരുന്നു. സ്ത്രീകളെ പോലെ മേക്കഅപ്പ് ചെയ്യുന്നു, വസ്ത്രധാരണം, ഇംഗ്ലീഷ്‌ അറിയില്ല എന്നൊക്കെയായിരുന്നു പരിഹാസങ്ങള്‍. എന്നാല്‍ ഇന്ന് ഈ ചെറുപ്പക്കാരുടെ ലുക്കും വസ്ത്രാരണവുമെല്ലാം ഫാഷന്‍ ഐക്കണായി മാറിക്കഴിഞ്ഞു.