education

ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ ഇത്തവണ 8.57 ലക്ഷം പേർ

27 February 2023 , 3:55 PM

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന. രണ്ടാം വർഷത്തിൽ 9592 പേരാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലുള്ളത്. കഴിഞ്ഞ വർഷം സ്കോൾ കേരളയിൽ നിന്ന് (ഓപൺ സ്കൂൾ) ഉൾപ്പെടെ രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 4,32,436 പേരായിരുന്നു. ഇത്തവണയത് 4,42,028 ആയി വർധിച്ചു.

 

കഴിഞ്ഞ വർഷം ഒന്നാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 4,24,696 പേർ ആയിരുന്നെങ്കിൽ ഇത്തവണ പരീക്ഷ എഴുതുന്നത് 424978 പേരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 282 പേർ കൂടുതൽ.

 

ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികളുടെ ആകെ എണ്ണം 8,57,414 ആണ്. കഴിഞ്ഞ വർഷം പ്ലസ് വൺ പരീക്ഷ എഴുതിയവരേക്കാൾ (4,24,696 പേർ) കൂടുതൽ പേർ ഇത്തവണ പ്ലസ് ടു (4,42,028) പരീക്ഷ എഴുതുന്നുമുണ്ട്. ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതുന്നവരിൽ 2,17,028 പേർ പെൺകുട്ടികളും 2,25,000 പേർ ആൺ കുട്ടികളുമാണ്. പ്ലസ് വൺ പരീക്ഷ എഴുതുന്നവരിൽ 2,11,436 പേർ പെൺകുട്ടികളും 2,13,542 പേർ ആൺ കുട്ടികളുമാണ്. രണ്ട് പരീക്ഷകളിലും കൂടുതൽ പേർ ഹാജരാകുന്നത് മലപ്പുറം ജില്ലയിലാണ്; പ്ലസ് ടുവിന് 80779 പേരും പ്ലസ് വണിന് 78824 പേരും. പ്ലസ്ടുവിന് കുറവ് പേർ പരീക്ഷ എഴുതുന്നത് വയനാട്ടിലും (11178 പേർ) പ്ലസ് വണിന് കുറവ് ഇടുക്കിയിലും (10700 പേർ).

 

ഗൾഫിൽ പ്ലസ് ടുവിന് 517 പേരും പ്ലസ് വണിന് 607 പേരും പരീക്ഷ എഴുതാനുണ്ട്. ലക്ഷദ്വീപിൽ ഇത് യഥാക്രമം 1061ഉം 1153ഉം മാഹിയിൽ 807ഉം 738ഉം ആണ്. മാർച്ച് 10 മുതൽ 30 വരെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ.