News

പതിനാറുകാരിയെ പ്രണയം നടിച്ച് നിരന്തരം പീഡനം: 71, 46 വയസുള്ളവര്‍ അറസ്റ്റില്‍

03 November 2022 , 4:30 PM

 

തിരുവനന്തപുരം: പതിനാറുകാരിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ച കേസില്‍ നാല്‍പത്തിയാറുകാരനെയും സഹായിയായ എഴുപത്തിയൊന്നുകാരനെയും നഗരൂര്‍ പൊലീസ് പിടികൂടി. വഞ്ചിയൂര്‍ കടവിള പുല്ലുതോട്ടം നെടിയവിളവീട്ടില്‍ ബിജു (46), അവനവഞ്ചേരി കടുവയില്‍ കോട്ടറവിളവീട്ടില്‍ നിന്നും കടവിള വഞ്ചിയൂര്‍ വിളയാട്ടുമൂല കാവുവിളവീട്ടില്‍ താമസിക്കുന്ന ബാബു (71) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി ബിജു അവിവാഹിതനാണ്. 2021 മുതല്‍ ഇയാള്‍ സമീപവാസിയായ പതിനാറുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയും ഇയാളുടെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു. ബിജുവിന്റെ സുഹൃത്തായ രണ്ടാം പ്രതി ബാബുവിന് ബിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരുന്ന വിവരം അറിയാമായിരുന്നു. ഇതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തത് ബാബുവായിരുന്നു. ബിജുവിന്റെ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് മാതാവ് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയും മാതാവും നഗരൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജു നിരന്തരം ഉപദ്രവിക്കുന്നത് അറിയാമായിരുന്നിട്ടും ബാബു പൊലീസില്‍ ഈ വിവരം അറിയിക്കാന്‍ തയ്യാറാകാത്തതിനാലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നഗരൂര്‍ എസ് ഐ ഇതിഹാസ് താഹയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ പോക്‌സ് വകുപ്പുപ്രകാരം കേസെടുത്ത് ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.