News

ആറന്മുളയില്‍ മൂന്നാംക്ലാസുകാരിയെ അധ്യാപകന്‍ ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചു; കേസെടുത്ത് പോലീസ്

25 July 2023 , 3:28 PM

 

പത്തനംതിട്ട: ആറന്മുളയില്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ എരുമക്കാട് ഗുരുക്കന്‍ കുന്ന് സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ അധ്യാപകനെതിരെ കേസ് എടുത്തു. ആറന്മുള പൊലീസ് ആണ് കേസെടുത്തത്. മൂന്നാം ക്ലാസുകാരിക്കാണ് മര്‍ദ്ദനമേറ്റത്. ഹോംവര്‍ക്ക് എഴുതാത്തിന് അധ്യാപകന്‍ അടിച്ചെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെ ജെ ആക്ട് പ്രകാരവും ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചതിന് ഐപിസി 324 പ്രകാരവുമാണ് അധ്യാപകനെതിരെ കേസ്.
മെഴുവേലി സ്വദേശിയായ ബിനോജ് കുമാർ ആണ് അറസ്റ്റിൽ ആയത്.
ഇന്നലെ ഉച്ചയോടെ കൂടി മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിക്ക് ക്ലാസിൽ വച്ച് എഴുതുന്നതിനായി നൽകിയ പാഠഭാഗങ്ങൾ എഴുതിയില്ല എന്ന് പറഞ്ഞ് ചൂരൽ കൊണ്ട് കയ്യിൽ അടിക്കുകയായിരുന്നു . കുട്ടി വൈകിട്ട് വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന്  കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോവുകയും പിന്നീട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ചതിന് ഇന്ത്യൻ  ശിക്ഷ നിയമപ്രകാരവും ജുവാനയിൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ  ചെയ്ത്  അന്വേഷണം നടത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കും.