News

ഇടുക്കിയിൽ പേനിന്റെ കടിയേറ്റ 30 പേർ ചികിത്സ തേടി: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

12 December 2022 , 7:32 AM

 

ഇടുക്കി: ഇടുക്കിയിൽ പേനിന്റെ കടിയേറ്റ 30 പേർ ചികിത്സ തേടി. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് .ഇടുക്കി നെടുങ്കണ്ടത്ത് ആണ് സംഭവം. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാർഡ് ടിക് ഇനത്തിൽ പെട്ട പേനുകളാണ് അക്രമം നടത്തിയത്.  വനമേഖലയോട് ചേർന്ന കുരുമുളക് തോട്ടങ്ങളിൽ പണിയെടുക്കുന്നുവർക്കും കുട്ടികൾക്കുമാണ് കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. പേൻ ശല്യം രൂക്ഷമായതോടെ മേഖലയിൽ പട്ടം കോളനി പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പേനുകളെ ശേഖരിച്ച് പാമ്പാടുംപാറ ഏലം ​ഗവേഷണ കേന്ദ്രത്തിൽ പരിശോധന നടത്തിയിട്ടുണ്ട്. കടിയേറ്റ പലർക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്. പേനിന്റെ കടിയേറ്റ ഭാ​ഗം ചുവന്ന തടിക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുമെന്ന് ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. 

 

അസ്വസ്ഥതയോ പനിയോ അനുഭവപ്പെടുന്ന പ്രദേശവാസികൾ ചികിത്സ തേടണമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും വനാതിർത്തിയോട് ചേർന്ന പുൽമേടുകളിലെ ഭൂപ്രകൃതിയുമാവാം പേനുകൾ പെരുകാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.