News

മുടി നീട്ടി വളര്‍ത്തിയ 30-ഓളം ആണ്‍കുട്ടികളെ സ്‌കൂളില്‍ കയറ്റാതെ പ്രഥമാധ്യാപിക; അവസാനം പ്രതിഷേധത്തിന് മുന്‍പില്‍ മുട്ടുമടക്കി, സംഭവം കൊല്ലത്ത്

20 October 2022 , 5:49 PM

 


കൊല്ലം: കുട്ടികളെ അച്ചടക്കമുള്ളവരാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച പ്രഥമാധ്യാപിക പ്രതിഷേധത്തിന് മുന്‍പില്‍ മുട്ടുമടക്കി. കൊല്ലം ചിതറയിലാണ് സംഭവം. മുടിവെട്ടിക്കൊണ്ട് വരണം എന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന മുപ്പതോളം വിദ്യാര്‍ഥികളെയാണ് സ്‌കൂളില്‍ നിന്നും ഹെഡ് മിസ്‌ട്രെസ് പുറത്താക്കിയത്. കൊല്ലം ചിതറ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ഥികളെയാണ് സ്‌കൂളില്‍ കയറ്റാതെ പുറത്താക്കിയത്. സ്‌കൂളിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ നിന്ന് വിദ്യാര്‍ഥികളുടെ പേര് സഹിതം പരിശോധിക്കുകയായിരുന്നു. അതിന് ശേഷമാണ് മുടിവെട്ടാത്ത കുട്ടികളെ സ്‌കൂളില്‍ കയറ്റാതെ തിരികെ വിട്ടയച്ചത്.മുടി വെട്ടിയ ശേഷം മാത്രം സ്‌കൂളില്‍ വന്നാല്‍ മതിയെന്നായിരുന്നു ഹെഡ്മിസ്‌ട്രെസിന്റെ വാദം. സംഭവത്തില്‍ പ്രതിഷേധിച്ച് രക്ഷാകര്‍ത്താക്കളും എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും രംഗത്ത് വന്നതിനെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളില്‍ കയറ്റുകയായിരുന്നു.