News

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ആലപ്പുഴ വഴി; ഞായറാഴ്ച സർവീസ് ആരംഭിക്കും

20 September 2023 , 10:15 AM

 

തിരുവനന്തപുരം: കേരളത്തിന് ഓണസമ്മാനമായി ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഞായറാഴ്ച സർവീസ് ആരംഭിക്കും. കാസർകോട്-തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയായിരിക്കും സർവീസ്. നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. വന്ദേഭാരത് ഉൾപ്പെടെ രാജ്യത്ത് ഒൻപത് ട്രെയിനുകൾ ഞായറാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.രാവിലെ ഏഴ് മണിക്ക് കാസർകോടുനിന്ന് സർവീസ് തുടങ്ങി വൈകിട്ട് 3:05ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. 4:55ന് കാസർകോട് എത്തുന്ന രീതിയിലാണ് സമയക്രമം. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കൊല്ലം സ്‌റ്റോപ്പുകളാണ് പരിഗണനയിൽ. എട്ടു മണിക്കൂറാണ് കാസർകോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സർവീസിന്റെ യാത്രാസമയം. ആഴ്ചയിൽ ആറുദിവസമായിരിക്കും സർവീസ്.