News

ഓൺലൈൻ തട്ടിപ്പിൽ കേരള പോലീസ് പിടികൂടിയ 22കാരന് 13 ആഡംബര വീടുകൾ, ഏക്കറുകണക്കിന് കൽക്കരി ഖനി

30 October 2022 , 12:24 PM

 

 

തൃശൂർ: ഓൺലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയെ ജാർഖണ്ഡിൽനിന്ന് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് ധൻബാദ് സ്വദേശി അജിത്കുമാർ മണ്ഡലി(22)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം.

എസ്.ബി.ഐ. അക്കൗണ്ട് ബ്ലോക്കായതിനാൽ കെ.വൈ.സി. വിവരങ്ങൾ ഒരു ലിങ്കിലൂടെ അപ്ഡേറ്റ് ചെയ്യണമെന്ന എസ്.എം.എസ്. സന്ദേശമായിരുന്നു തുടക്കം. വ്യാജസന്ദേശമാണെന്ന് അറിയാതെ ലിങ്കിൽ ക്ലിക്ക് ചെയ്തു. എസ്.ബി.ഐ.യുടേതെന്ന് തോന്നിപ്പിക്കുന്ന വെബ് സൈറ്റിൽ വിവരങ്ങളും ഒ.ടി.പി.കളും അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് രണ്ട് ഇടപാടുകളിലൂടെ 40,000 രൂപ നഷ്ടപ്പെട്ടപ്പോഴാണ് പരാതിക്കാരി റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേക്ക് പരാതി നൽകിയത്.

തട്ടിപ്പുകൾക്കായി അമ്പതിൽപ്പരം സിംകാർഡുകളും ഇരുപത്തിയഞ്ചോളം മൊബൈൽ ഫോണുകളും ഉപയോഗിച്ചിരുന്നു. ഒരിക്കൽ ഉപയോഗിച്ച ഫോണും സിം നമ്പറും പിന്നീട് ഉപയോഗിക്കാറില്ല. പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, മണി വാലറ്റുകൾ, ഇ- കോമേഴ്സ് അക്കൗണ്ടുകൾ തുടങ്ങിയവ ഏറെക്കാലമായി നിരീക്ഷിക്കുകയായിരുന്നു. ലിങ്കിന്റെ വിവരങ്ങളും ശേഖരിച്ച് ഒരു വർഷത്തോളം നിരീക്ഷിച്ചശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു തോമസ്, ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി. പി.സി. ഹരിദാസ്, ഇരിങ്ങാലക്കുട സൈബർ ക്രൈം ഇൻസ്പക്ടർ ബി.കെ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സൈബർ ക്രൈം സബ് ഇൻസ്പക്ടർ വി. ഗോപികുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് അസി. സബ് ഇൻസ്പക്ടർ പി.പി. ജയകൃഷ്ണൻ, സി.പി.ഒ.മാരായ നെഷ്റു എച്ച്.ബി., അജിത്ത്കുമാർ കെ.ജി. എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ പ്രധാനിയാണ് അറസ്റ്റിലായ അജിത്കുമാറെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു. പ്രതി തട്ടിപ്പിനായി ഉപയോഗിച്ചുവന്നിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളുടെ വിവരം പോലീസ് ശേഖരിക്കാനൊരുങ്ങുകയാണ്. ഈ കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.

 

13 ആഡംബരവീടുകൾ, ഏക്കറുകണക്കിന് കൽക്കരി ഖനി

 

ഇരിങ്ങാലക്കുട: ഓൺലൈൻ തട്ടിപ്പുകേസിൽ അറസ്റ്റിലായ അജിത്കുമാർ മണ്ഡലിന് ബെംഗളൂരുവിലും ഡൽഹിയിലുമായി സ്വന്തമായി 13 ആഡംബരവീടുകൾ. ധൻബാദിലെ തുണ്ടി എന്ന സ്ഥലത്ത് നാലേക്കറോളം സ്ഥലവും ജാർഖണ്ഡിൽ ഏക്കറുകളോളം കൽക്കരി ഖനികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്ക് രണ്ട് പേഴ്സണൽ അക്കൗണ്ടുകളും വെസ്റ്റ് ബംഗാൾ വിലാസത്തിൽ 12 ബാങ്ക് അക്കൗണ്ടും ഉണ്ട്.

സൈബർ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളാണ് ജാർഖണ്ഡ്. സംസ്ഥാനത്തെ ജാംതര, ഗിരിഡി, രകാസ്കുട്ടോ, തുണ്ടി എന്നീ സ്ഥലങ്ങളിൽ ഭൂരിഭാഗവും ഗ്രാമീണരാണെങ്കിലും തട്ടിപ്പ് നടത്തുന്നവർ പ്ലസ്ടു വരെ പഠിച്ചിട്ടുള്ളവരാണ്. ചിലർ ബി.ടെക് തുടങ്ങിയ സാങ്കേതിക കോഴ്സുകളും പഠിച്ചിട്ടുണ്ട്. സൈബർ വാലകൾ എന്നറിയപ്പെടുന്ന, ആഡംബര സൗകര്യങ്ങളിൽ ജീവിക്കുന്ന ഇവരെക്കുറിച്ച് ഗ്രാമവാസികൾക്ക് വ്യക്തമായി അറിയാമെങ്കിലും പേടിമൂലം പുറത്തുപറയാറില്ലെന്ന് പോലീസ് പറയുന്നു.

പ്രതിയെ പിടികൂടാൻ സഹായിച്ചത് കണ്ണൂർ തലശ്ശേരി സ്വദേശിനിയും ജാർഖണ്ഡിലെ ജില്ലാ പോലീസ് മേധാവിയുമായ രേഷ്മ രമേഷിന്റെ ഇടപെടലാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കായി റൂറൽ സൈബർ ക്രൈം പോലീസ് സംഘം പുറപ്പെട്ട സമയത്ത് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്രേ രേഷ്മാ രമേഷിനെ ഫോണിൽ വിളിച്ച് സഹായം അഭ്യർഥിച്ചിരുന്നു.

പ്രശ്നബാധിത പ്രദേശമായതിനാൽ കേരള പോലീസിനെ സഹായിക്കാൻ ജാർഖണ്ഡിലെ സൈബർ പോലീസ് അടക്കമുള്ള സംഘങ്ങൾ സ്ഥലത്തുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലേയും പോലീസിന്റെ സംയുക്തനീക്കം പ്രതിയെ പിടികൂടാൻ സഹായിച്ചതായി ഡിവൈ.എസ്.പി. പറഞ്ഞു.