News

കോട്ടക്കലില്‍ തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചര വയസ്സുകാരനടക്കം 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ

11 March 2023 , 4:24 PM

 

മലപ്പുറം: തേങ്ങാ പൊങ് കഴിച്ച് അഞ്ചര വയസുകാരനടക്കം പതിനഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധ. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം. ആറു പേര്‍ കോട്ടക്കല്‍, എടരിക്കോട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. മലപ്പുറത്തെ ബന്ധുവീട്ടില്‍ നിന്നുമെത്തിച്ചതാണ് പൊങ്. വീട്ടിലുള്ളവരും സമീപത്തെ വീടുകളിലുള്ളവരും പൊങ്ങ് കഴിച്ചിരുന്നു.
കുടുംബത്തിലെ ആണ്‍കുട്ടി ഹോസ്റ്റലിലേക്കും കൊണ്ടുപോയി.
വയറിളക്കവും ചര്‍ദ്ദിയും ഉണ്ടായതോടെയാണ് സംഭവം അറിയുന്നത്. മലപ്പുറത്തുള്ളവര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാവിലെ മുറിച്ചുവെച്ച പൊങ് ഏറെ വൈകി കഴിച്ചതാകാം കാരണമെന്നാണ് പഞ്ചായത്ത് ആരോഗ്യവകുപ്പ് പറയുന്നത്. ചൂട് കൂടുന്നതിനാല്‍ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും കാരണമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.