CAREERS

1500 ൽ അധികം ജോലി ഒഴിവുകൾ: ആലപ്പുഴയിൽ ജോബ് ഫെയർ ഇന്ന്

03 December 2022 , 1:05 AM

 

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ജോബ് ഫെയർ ഇന്ന് (ശനി) രാവിലെ 9 ന് കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ.എ എം .ആരിഫ് എം. പി .ഉദ്ഘാടനം ചെയ്യും.

 ഇതിനകം 1500 ന് മേൽ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറോളം സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരെ തേടിയെത്തും.

ഇന്റർവ്യുവിന് ശേഷം ഉടൻതന്നെ നിയമന നടപടികൾ നടത്തുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ നടത്തിയത്. രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയവർക്ക് ഇന്ന് രാവിലെ കലവൂർ സ്കൂളിൽ എത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്താമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് പറഞ്ഞു. ഓരോ ക്ലാസ് മുറികളിലാകും ഇന്റർവ്യു നടക്കുക. ഉദ്യോഗാർത്ഥികൾ രാവിലെ 9 ന് കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരണമെന്നും റിയാസ് പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.സംഗീത, അഡ്വ.ടി.വി.അജിത്കുമാർ, ബിജുമോൻ തുടങ്ങിയവർ പങ്കെടുക്കും.