health

അഞ്ചാംപനിയെ ഭയക്കണം: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

25 November 2022 , 11:18 AM

 

രാജ്യത്ത് അഞ്ചാംപനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് മഹാമാരിയോടെ അഞ്ചാംപനിയുടെ വാക്സിൻ കുത്തിവെപ്പ് ഗണ്യമായി കുറഞ്ഞതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റേർസ്‌ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു.

കേരളം, ഗുജറാത്ത്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ രോഗം വർധിക്കുന്നുവെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്രസംഘത്തെ അയക്കുകയും ചെയ്തിരുന്നു. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയച്ചത്. രോഗവ്യാപനം നിരീക്ഷിക്കുന്നതിലും, പ്രതിരോധ മാർഗ്ഗങ്ങൾ നിർദേശിക്കുന്നതിലും സംഘം സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും.മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗമാണ് അഞ്ചാംപനി. കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുന്ന രോഗമാണ് അഞ്ചാംപനി. വായയിലെയോ മൂക്കിലെയോ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാം. 2021-ൽമാത്രം ഏകദേശം 40 ദശലക്ഷം കുട്ടികൾക്കാണ് അഞ്ചാംപനി വാക്സിൻ നഷ്ടമായത്.

 

ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്

 

ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ ലക്ഷണമുള്ളവരെ പമ്പയിൽ തന്നെ പരിശോധിക്കും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് മാസ്‌ക് ധരിക്കാനും നിർദ്ദേശം.

 മണ്ഡല തീർത്ഥാടന കാലത്ത് പകർച്ചവ്യാധികൾ ഒഴിവാക്കാനും ഭക്തർക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും തൊഴിലാളികൾക്കും ആരോഗ്യ സംരക്ഷണത്തിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയിരിക്കുന്നത്. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ വിഭാഗങ്ങളിലെ ആശുപത്രികളിൽ പകർച്ചവ്യാധികൾക്കും വിവിധങ്ങളായ രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് വേണ്ട വിപുലമായ സജ്ജീകരണങ്ങൾ തയ്യാറായി കഴിഞ്ഞു.കൊറോണ ലക്ഷണമുള്ളവരെ പമ്പയിൽ തന്നെ ആന്റിജൻ ടെസ്റ്റ് ചെയ്യും. രോഗം കണ്ടെത്തുന്നവരിൽ തീവ്രമായ ലക്ഷണമുള്ളവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ ക്വാറന്റൈനിൽ വിടുകയും ചെയ്യും. ഡ്യൂട്ടിയിലുള്ള പോലീസുകാരോട് മാസ്‌ക് ധരിക്കാനും നിർദ്ദേശം നൽകി.ചിക്കൻ പോക്സ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയാൻ വകുപ്പുകൾ വിവിധ രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ സന്നിധാനത്തുള്ള സർക്കാർ ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ സന്നിധാനത്തെ ഓഫീസ് മുറികളിലും താമസ സ്ഥലങ്ങളിലും അണുനശീകരണം ചെയ്യുന്നുണ്ട്. കൊതുക് നിർമ്മാർജ്ജനത്തിന് വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രവർത്തനങ്ങൾ ചെയ്യുന്നതിനൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ മെഷീൻ ഫോഗിങ്ങ് ചെയ്യുന്നു. ഭക്ഷ്യ ശാലകളിലെ ശുചിത്വം ഉറപ്പാക്കാൻ സ്‌ക്വാഡുകൾ സ്ഥിരമായി പരിശോധന നടത്തുന്നു. ഹോമിയോ വകുപ്പ് പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മരുന്നുകൾ സന്നിധാനത്ത് ഭക്തർക്കും ജീവനക്കാർക്കും വിതരണം ചെയ്തു വരുന്നു. ചിക്കൻ പോക്സ് പ്രതിരോധത്തിന് 1700 പ്രതിരോധ ഗുളിക ഹോമിയോ വകുപ്പ് ശബരിമലയിൽ വിതരണം ചെയ്തിട്ടുണ്ട്.