Sports

അജയ്യരായി പി.ബി.സി, മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചെങ്ങന്നൂരിലും ജേതാക്കൾ

05 November 2022 , 6:09 PM

 

 

പാണ്ടനാട് (ആലപ്പുഴ): ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസണ്‍ ചെങ്ങന്നൂര്‍ പാണ്ടനാട് നടന്ന ഒമ്പതാം മത്സരത്തില്‍  പിബിസി (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ സിബിഎല്ലിലെ തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ഒന്നാമതെത്തി (3.42.17 മിനിറ്റ്).
 
കൈനകരി, താഴത്തങ്ങാടി സിബിഎല്‍ വള്ളംകളികളുടെ തനിയാവര്‍ത്തനമായിരുന്നു ചെങ്ങന്നൂര്‍ പാണ്ടനാട്ടെ മത്സരവും. അവസാന 10 മീറ്റര്‍ വരെ പിന്നിലായിട്ടും അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് പിബിസി മഹാദേവിക്കാട് ഒന്നാമതെത്തിയത്. ഉറപ്പിച്ച വിജയം എന്‍സിഡിസി (മൈറ്റി ഓര്‍സ്) തുഴഞ്ഞ നടുഭാഗം കൈവിട്ടതാകട്ടെ കേവലം 46 മൈക്രോസെക്കന്‍റിനും (3.42.63 മിനിറ്റ്). പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) തുഴഞ്ഞ ചമ്പക്കുളത്തിന് (3.46.25 മിനിറ്റ്) മൂന്നാം സ്ഥാനം ലഭിച്ചു.

പാണ്ടനാട്ടെ ട്രാക്കിലെ ആദ്യ 200 മീറ്റര്‍ പിബിസി മഹാദേവിക്കാടിനെ വലച്ചുവെങ്കിലും അവസാന ലാപ്പില്‍ അവര്‍ പിഴവ് പരിഹരിച്ചു. മത്സരം പകുതി ദൂരം പിന്നിട്ടപ്പോള്‍ എന്‍സിഡിസി നടുഭാഗം മികച്ച ലീഡ് നേടുന്നത് ദൃശ്യമായി. ഫിനിഷിംഗ് പോയിന്‍റില്‍ പോലും ഒരു നിമിഷം നടുഭാഗം അട്ടിമറി നടത്തിയെന്ന പ്രതീതി ജനിച്ചു. എന്നാല്‍ ഫൈനല്‍ ഫലം ഡിസ്പ്ലേ സ്ക്രീനില്‍ തെളിഞ്ഞപ്പോഴാണ് മഹാദേവിക്കാടിന്‍റെ കുതിപ്പ് ഏവര്‍ക്കും ബോധ്യമായത്.
 
രണ്ടാം ലൂസേഴ്സ് ഫൈനലിലും വിജയിയെ ഫോട്ടോ ഫിനിഷിലൂടെയാണ് കണ്ടെത്തിയത്. പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ (റിപ്പിള്‍ ബ്രേക്കേഴ്സ്) വീയപുരവും വേമ്പനാട് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്സ്) തുഴഞ്ഞ പായിപ്പാടനും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. നടന്നത്. ഫോട്ടോ ഫിനിഷില്‍ വീയപുരം നാലാമതും പായിപ്പാടന്‍ അഞ്ചാമതുമായി ഫിനിഷ് ചെയ്തു. വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവസ് ആറാമതെത്തി. കഴിഞ്ഞ തവണ നാലാമതെത്തിയ യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ ചെറുതന ചുണ്ടന് പാണ്ടനാട് കാലിടറി. അവര്‍ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെ. പയസ് ടെന്‍ത് എട്ടും കെബിസി-എസ്എഫ്ബിസി (തണ്ടര്‍ ഓര്‍സ്) ആയാപറമ്പ് പാണ്ടി ഒമ്പതാം സ്ഥാനവും കരസ്ഥമാക്കി.
 
ഒമ്പത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പിബിസി (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (ഒന്ന് 88 പോയിന്‍റ്) എന്‍സിഡിസി (മൈറ്റി ഓര്‍സ്) നടുഭാഗം ചുണ്ടന്‍ (രണ്ട് 78 പോയിന്‍റ്) കേരള പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) ചമ്പക്കുളം(മൂന്ന് 68 പോയിന്‍റ്), പുന്നമട ബോട്ട് ക്ലബ് (റിപ്പിള്‍ ബ്രേക്കേഴ്സ്) വീയപുരം (നാല്, 61 പോയിന്‍റ്) വേമ്പനാട് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) പായിപ്പാടന്‍(അഞ്ച്-54 പോയിന്‍റ്), യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) ചെറുതന(ആറ്-47 പോയിന്‍റ്), വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവസ് (ഏഴ്- 33 പോയിന്‍റ്) ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെ. പയസ് ടെന്‍ത്(എട്ട്- 30 പോയിന്‍റ്), ) കെബിസി-എസ്എഫ്ബിസി (തണ്ടര്‍ ഓര്‍സ്)ആയാപറമ്പ് പാണ്ടി(ഒമ്പത്-27 പോയിന്‍റ്) എന്നിങ്ങനെയാണ് സ്ഥാനങ്ങളും പോയിന്‍റുകളും.
 
കായംകുളം, ആലപ്പുഴ (നവംബര്‍ 12), കല്ലട, കൊല്ലം (നവംബര്‍ 19), പ്രസിഡന്‍റ്സ് ട്രോഫി കൊല്ലം (നവംബര്‍ 26) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങള്‍.
 
സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് അധ്യക്ഷയായിരുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ ചെങ്ങന്നൂര്‍ വള്ളം കളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് മുഖ്യാതിഥിയായിരുന്നു. ചെങ്ങന്നൂര്‍ എംഎല്‍എ ശ്രീ സജി ചെറിയാന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
ഓരോ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമെ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും, രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും  അധികമായി ലഭിക്കും.