Spiritual

ഇരിമുടിക്കെട്ട് മുറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

17 November 2022 , 7:14 PM

 

വ്രതശുദ്ധിയുടെ മണ്ഡലമാസം ആരംഭിച്ചു... ഇരുമുടിക്കെട്ടുമേന്തി ആയിരങ്ങളാണ് അയ്യനെ തൊഴാൻ എത്തുന്നത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടാൻ സാധിക്കില്ല. ഇരിമുടിക്കെട്ട് മുറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഇരിമുടിക്കെട്ട് മുറുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

ഗുരുസ്വാമിയാണു കെട്ടുമുറുക്കുക. ഗുരുസ്വാമിയില്ലെങ്കിൽ ക്ഷേത്രങ്ങളിലെ മേൽശാന്തി മതി. വീട്ടിൽ കെട്ടുമുറുക്കാം. മുറ്റത്തു പന്തലിട്ട്, തറ ചാണകം മെഴുകി ശുദ്ധി വരുത്തി. വാഴപ്പോളയും കുരുത്തോലയുംകൊണ്ട് അലങ്കരിക്കാം. അതിനു പറ്റുന്നില്ലെങ്കിൽ വീടിനുള്ളിലും കെട്ടുമുറുക്കാം. ശുദ്ധമായ സ്ഥലമാകണമെന്ന് മാത്രം.

കെട്ടുമുറുക്കാൻ പറ്റിയ സ്ഥലം ഗൃഹത്തിലോ ക്ഷേത്രത്തിലോ കെട്ടുമുറുക്കാം. ഗൃഹത്തിലാണെങ്കിൽ ഗുരുസ്വാമി വേണം. ക്ഷേത്രത്തിലാണെങ്കിൽ മേൽശാന്തി മതി. വീട്ടിലാണെങ്കിൽ മുറ്റത്തു പ്രത്യേക പന്തലിട്ട് ചാണകം മെഴുകി ശുദ്ധി വരുത്തണം. പന്തലിനും സ്ഥാനമുണ്ട്. വീടിന്റെ കിഴക്കു വശത്ത് ഏഴുകോൽ ചതുരത്തിൽ വേണം പന്തൽ. നാല് തൂണുള്ളതാകണം. അതിനു മുകളിൽ ഓലമേയാം. വശങ്ങൾ വെള്ള വസ്ത്രം കൊണ്ട് മറച്ച് ആലില, മാവില, പൂക്കൾ എന്നിവ കൊണ്ട് അലങ്കരിക്കാം.

 

ഇരുമുടിക്കെട്ടിൽ നിറയ്‌ക്കേണ്ടത് എന്ത് ?

വെറ്റിലയും അടയ്ക്കയും തേങ്ങയും നെയ്‌ത്തേങ്ങയുമാണ് ആദ്യമായി മുൻകെട്ടിനുള്ളിൽ നിറയ്‌ക്കേണ്ടത്. തേങ്ങയ്കുള്ളിലെ വെള്ളം മാറ്റിപകരം നെയ്യ് നിറയ്ക്കുന്നതാണ് നെയ്‌തേങ്ങ. ഇതു നിറക്കുന്ന സമയം ശരണം വിളികൾ അന്തരീക്ഷം മുഖരിതമാകുന്നു. അരി, അവൽ, മലർ, തേങ്ങ, കർപ്പൂരം, മഞ്ഞൾപൊടി (നാഗയക്ഷി, നാഗരാജാവ് എന്നവർക്ക് അർപ്പിക്കാനുള്ളത്), കുരുമുളക്, ഉണക്കമുന്തിരി, കൽക്കണ്ടം, മറ്റ് പൂജാസാധനങ്ങൾ എന്നിവയാണ് കൊണ്ടു പോകാറുള്ളത്.

 

അയ്യപ്പന് നിവേദ്യത്തിനുള്ള ഉണക്കലരി, കദളിവാഴപ്പഴം, ശർക്കര എന്നിവയും ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താറുണ്ട്. വഴിപാട് സാധനങ്ങളോടൊപ്പം യാത്രാവേളയിൽ ഭക്തന്മാർക്കു കഴിക്കാനുള്ള ഭക്ഷ്യവസ്തുക്കളും പഴയകാലങ്ങളിൽ ഇതിൽ ഉൾപ്പെടുത്തുന്നു.

 

കെട്ടുമുറുക്കുമ്പോൾ..

നിലവിളക്ക് തെളിയിച്ച് ശരണം വിളിച്ചുകൊണ്ടാണ് കെട്ടുമുറുക്കൽ തുടങ്ങുക. നിലവിളക്കിന് മുന്നിൽ വെറ്റിലയും പാക്കും നാണയവുമായി പൂർവികരെ ഓർത്ത് ദക്ഷിണവയ്ക്കും.

കെട്ട് ശിരസിലേറ്റും മുമ്പ്

കറുപ്പോ കാവിയോ വസ്ത്രം ഉടുത്ത് തലയിൽ തോർത്തു കെട്ടി പ്രാർത്ഥിക്കണം. കറുപ്പസ്വാമിയേ ശരണംവിളിച്ച് ഗുരുസ്വാമി കറുപ്പുകച്ച അരയിൽ കെട്ടും. അതിനു ശേഷം കെട്ടിൽ തൊട്ടുതൊഴുത് ശരണംവിവിച്ച് കിഴക്കിന് അഭിമുഖമായി നിന്നു വേണം കെട്ട് ശിരസിലേറ്റാൻ. കെട്ട് ശിരസിലേറ്റിയാൽ കിഴക്കോട്ട് ഇറങ്ങി പന്തലിനു മൂന്നു പ്രദക്ഷിണംവെച്ച്, നാളികേരം ഉടച്ച് വേണം യാത്ര തിരിക്കാൻ.