News

പയ്യന്നൂർ വ്യാപാരിയുടെ വീട്ടിലെ മോഷണം; പ്രതിയുടെ രേഖാ ചിത്രം പുറത്തു വിട്ടു

12 January 2023 , 4:41 PM

 

കണ്ണൂർ: പയ്യന്നൂരിൽ പട്ടാപ്പകൽ വ്യാപാരിയുടെ വീട് കുത്തി തുറന്ന് മൂന്നരലക്ഷം രൂപ മോഷണം നടത്തിയ കേസിൽ പ്രതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. പഴയ മാർക്കറ്റിന് സമീപം അനാദികച്ചവടം നടത്തുന്ന അബ്ദു സമദിൻ്റെ വീട്ടിലാണ് മോഷണം നടത്തിയത്. 

കൊറ്റി റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിലാണ് കള്ളൻ കയറിയത്. കഴിഞ്ഞ മാസം 21നായിരുന്നു മോഷണം നടന്നത്.സ്കൂൾ വിട്ട് വീട്ടിലെത്തിയ സമദിൻ്റെ പേരക്കുട്ടിയാണ് കള്ളനെ കണ്ടത്. 

 

വീടിനകത്ത് കറുത്ത ടീഷർട്ടും പാൻ്റും ധരിച്ച ആളെ കാണുകയും ബഹളം വെക്കുകയും ചെയ്തു. തുടർന്ന് വീടിൻ്റെ പിൻ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. വീടിനകത്തെ അലമാരയിൽ നിന്ന് മൂന്നര ലക്ഷം രൂപയാണ് മോഷണം പോയത്.

 

വീടിൻ്റെ പിൻ ഭാഗത്തെ വാതിൽ തകർത്താണ് കള്ളൻ അകത്ത് കയറിയതെന്നാണ് പൊലീസിൻ്റെ പ്രാധമിക നിഗമനം. വിലപിടിപ്പുള്ള മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

 

ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശമാണ്. എന്നാൽ മലയാളിയാണ് പ്രതിയെന്നാണ് അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസിൻ്റെ നിഗമനം. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പയ്യന്നൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

 അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് പ്രതിയെ നേരിൽ കണ്ട കുട്ടിയുടേയും അയൽവാസിയുടേയും സഹായത്തോടെ രേഖാ ചിത്രം തയ്യാറാക്കിയത്. അബ്ദുൽ സമദ് കടയിലും, ഭാര്യയും മകളും ബന്ധുവിൻ്റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം.