News

അർധരാത്രിയിൽ പോലീസ് ജീപ്പും കെഎസ്ആർടിസിയും തടഞ്ഞ് പരിശോധന നടത്തിയ യുവാക്കൾ പിടിയിൽ

05 November 2022 , 1:52 PM

 

 

വയനാട്: വാഹനപരിശോധനയ്ക്കിടെ പോലീസ് ജീപ്പും കെ.എസ്.ആർ.ടി.സി. ബസും തടഞ്ഞുനിർത്തി അർധരാത്രിയിൽ കല്പറ്റ ടൗണിൽ അഭ്യാസംകാണിച്ച ഏഴുപേർ അറസ്റ്റിൽ.

കല്പറ്റ മണിയൻകോട് ഓടമ്പംവീട്ടിൽ വിഷ്ണു, ഇഷ്ടികപൊയിൽ പ്രവീൺകുമാർ, നെടുങ്ങോട് വയൽ അരുൺ, വാക്കേൽവീട്ടിൽ വിഘ്നേഷ്, അരുൺനിവാസിൽ എം.പി. അരുൺ, പുത്തൂർവയൽ ഒഴുക്കുന്നത്ത് കാട്ടിൽ അഭിലാഷ്, താഴെ മുട്ടിൽ ശ്രീനികവീട്ടിൽ ശ്രീരാഗ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

ബുധനാഴ്ച അർധരാത്രി കല്പറ്റ ചുങ്കം ജങ്ഷനിലാണ് സംഭവം. പട്രാളിങ് നടത്തുന്നതിനിടെ പോലീസ് ജീപ്പിന്റെ ഫോട്ടോയെടുത്ത് ഇൻഷുറൻസില്ലെന്നുപറഞ്ഞ് ഇവർ ബഹളമുണ്ടാക്കുകയായിരുന്നു. വാഹനമെടുക്കാൻ അനുവദിക്കില്ലെന്നുപറഞ്ഞ് തട്ടിക്കയറിയതായും പോലീസ് പറഞ്ഞു. ബഹളമുണ്ടായ സമയത്ത് അതുവഴിവന്ന കെ.എസ്.ആർ.ടി.സി. ബസും ഇവർ തടഞ്ഞുനിർത്തി. കെ.എസ്.ആർ.ടി.സി. ബസും പരിശോധിക്കാതെ വിടില്ലെന്ന നിലപാടിലായിരുന്നു. യാത്രക്കാർ ബുദ്ധിമുട്ടിലായതോടെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ കൈയേറ്റംചെയ്തെന്നും പോലീസ് പറഞ്ഞു. ലഹരിയിലായിരുന്നു യുവാക്കളെന്നു പോലീസ് പറഞ്ഞു.